കൊവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യമന്ത്രി അമിത് ഷായോടൊപ്പം യോഗത്തില്‍ പങ്കെടുത്തു; കേന്ദ്രത്തിലും ആശങ്ക

single-img
17 June 2020

ഡൽഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാരിലും ആശങ്ക ഉയരുന്നു. ഈ മാസം 14 ന് സത്യേന്ദ്ര ജെയ്ന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍, ദല്‍ഹി ചീഫ് സെക്രട്ടറി വിജയ് കുമാര്‍ ദേവ് എന്നിവര്‍ക്കൊപ്പം സംസ്ഥാനത്തെ കൊവിഡ് അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു.

നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജൂണ്‍ 16 ന് രാത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിയോടെ ചേര്‍ന്ന യോഗത്തില്‍ മോദി, അമിത്ഷാ എന്നിവർക്ക് പുറമെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.