സൗദിയില്‍ 24 മണിക്കൂറിനിടെ 39 കൊവിഡ് മരണം; രോഗബാധിതര്‍ ഒന്നര ലക്ഷത്തിലേക്ക്

single-img
17 June 2020

സൗദിയില്‍ അവസാന 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 39 പേര്‍ മരിച്ചു. അതോടുകൂടി രാജ്യത്തെ ആകെ മരണം 1091 ആയി ഉയര്‍ന്നു. അതേപോലെ തന്നെ കഴിഞ്ഞ ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 4919 പേര്‍ക്കാണ്. ഇതേവരെ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. നിലവിൽ സൗദിയില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്.

ഇതേവരെ 141234 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലൂടെ രോഗമുക്തി നേടുന്നവരുടെ എണ്ണവും അതിവേഗം ഉയരുകയാണ്. അവസാന 24 മണിക്കൂറിനിടെ 2122 പേരാണ് കൊവി‍ഡില്‍ നിന്ന് മുക്തരായത്.ഇതോടുകൂടി രോഗമുക്തരായവരുടെ എണ്ണം 91662 ആയി.

അതേസമയം ഖത്തറില്‍ ബുധനാഴ്‍ച് നാല് മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 80 ആയി. ഇന്ന് 1201 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി ഖത്തറിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.