പ്രകാശ് ബാബുവിന്റെ മകന്റെ കഞ്ചാവ് കേസ് വ്യക്തിപരമായ കാര്യം: കേസെടുക്കേണ്ടത് പൊലീസെന്നും കാനം രാജേന്ദ്രൻ

single-img
17 June 2020

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ പ്രതിയായ കഞ്ചാവ് കേസ് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നും പാർട്ടിയുടെ പരിഗണനയിൽ വരുന്ന വിഷയമല്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇവാർത്തയോട് പ്രതികരിക്കുകയായിരുന്നു കാനം.

ലോക്ക്ഡൌൺ കാലത്ത് നടന്ന സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ കേസെടുക്കേണ്ടത് പൊലീസിന്റെ ബാധ്യതയാണെന്നും തനിക്ക് അതിൽ ഒന്നും പറയാ‍നില്ലെന്നുമാണ് കാനം പ്രതികരിച്ചത്.

സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ മകൻ കൃഷ്ണപ്രശോഭ് അടക്കം അഞ്ച് പേരെ ഏപ്രിൽ മാസം 4-നാണ് കുന്നിക്കോട് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്ജ് കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തത്. ഏപ്രിൽ നാലാം തീയതി വൈകുന്നേരം ആറുമണിയ്ക്ക് പത്തനാപുരം തലവൂരിനടുത്ത് കുന്നിക്കോട്-കുര റോഡിൽ നിന്നും ഞാറയ്ക്കാട് ഏലായിലേയ്ക്ക് പോകുന്ന ഇടവഴിയിൽ നിന്നാണ് കുന്നിക്കോട് റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. ഇവരുടെ കൈവശം 2 ഗ്രാം കഞ്ചാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എഫ് ഐ ആറിൽ പറയുന്നത്. അതിനാൽ NDPS( Narcotic Drugs and Psychotropic Substances Act) -ലെ ജാമ്യം ലഭിക്കാവുന്ന 27(b) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ ഈ അഞ്ചംഗ സംഘത്തിന്റെ കയ്യിൽ കൂടിയ അളവിൽ കഞ്ചാവ് ഉണ്ടായിരുന്നതായി ആരോപണങ്ങളുണ്ട്. ഇക്കാര്യം പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ എക്സൈസ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളെല്ലാം നിഷേധിക്കുകയാണ്. രണ്ട് ഗ്രാം കഞ്ചാവും അത് വലിക്കാനുള്ള ബോങും മാത്രമാണ് പിടിച്ചെടുത്തതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വാദം.