ഇന്ത്യ- ചെെന സംഘർഷം: നാലു ഇന്ത്യൻ സെെനികർ കൂടി ഗുരുതരാവസ്ഥയിൽ

single-img
17 June 2020

കിഴക്കൻ ലഡാഖിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളവുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സർക്കാർ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതിനു പിന്നാലെ നാലു സെെനികർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്യുന്നു. 

തിങ്കളാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിന് ശേഷം ഇന്ത്യൻ സൈനികരും ചൈനീസ് സൈനികരും ഗാൽവാൻ അതിർത്തിയിൽ നിന്നും പിൻവാങ്ങിയെന്നും ഇന്ത്യൻ ആർമി അറിയിച്ചിരുന്നു. ഏറ്റുമുട്ടലിൽ 3 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ പരിക്കേറ്റവരിൽ 17 പേർ പിന്നീട് മരണത്തിന് കീഴടങ്ങിയെന്നാണ് നേരത്തേ റിയിച്ചിരുന്നത്. ഗുരുതരമായ പരിക്കും പ്രദേശത്തെ അതിശൈത്യവും കാരണമാണ് സൈനികരെ രക്ഷിക്കാൻ കഴിയാതെ പോയതെന്നും ആർമി വൃത്തങ്ങൾ അറിയിക്കുന്നു.

ചൈനയുടെ 43 സൈനികർക്ക് പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിരിക്കാമെന്നും ഇന്ത്യൻ സൈനികവൃത്തങ്ങൾ അറിയിച്ചായും റിപ്പോർട്ടുണ്ട്.

ഗാൽവാനിലെ ഏറ്റുമുട്ടലിൽ 34 ഇന്ത്യൻ സൈനികരെ കാണാനില്ലെന്ന് ബ്രിട്ടീഷ് ദിനപ്പത്രമായ ‘ദി ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തിരുന്നു.കാണാതായ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുകയോ ചൈനീസ് പട്ടാളത്തിന്റെ പിടിയിലാകുകയോ ചെയ്തിരിക്കാമെന്നാണ് ഇന്ത്യൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ചൈനയുടെ അഞ്ച് സൈനികർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ചൈനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.

1975-ന് ശേഷം ആദ്യമായാണ് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ ആളപായം ഉണ്ടാകുന്ന തരത്തിലുള്ള ഒരു ഏറ്റുമുട്ടൽ ഉണ്ടാകുന്നത്. കഴിഞ്ഞ മാസം 5-ആം തീയതി ചൈനീസ് പട്ടാളം ലഡാഖിലെ ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ ( Line of Actual Control- LAC) കടന്ന് പാങോങ് തടാകം, ഗാൽവാൻ നദി, ഡെംചോക്, ഹോട്ട് സ്പ്രിങ്സ് (Pangong Tso, Galwan River, Demchok and Hot Springs) എന്നിങ്ങനെ നാലിടങ്ങളിലൂടെ ഇന്ത്യൻ മണ്ണിൽ 60 കിലോമീറ്ററോളം അതിക്രമിച്ച് കടന്നതോടെയാണ് ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടാകുന്നത്.

സംഘർഷാവസ്ഥയുടെ ഒരു ഘട്ടത്തിൽ ഇന്നലെ രാത്രി ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഗാൽവാൻ താഴ്വരയിൽ നേർക്കുനേർ ഏറ്റുമുട്ടുകയായിരുന്നു. തോക്കുകൾക്ക് പകരം കല്ലുകളും കമ്പിവടികളും ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടലെന്ന് ഇന്ത്യൻ സൈനികവൃത്തങ്ങൾ പറയുന്നു. കല്ലും കമ്പിവടികളും കൊണ്ടുള്ള ഏറിലാണ് ഇന്ത്യയുടെ ഒരു കമാൻഡിംഗ് ഓഫീസറും ജൂനിയർ കമ്മീഷൻഡ് ഓഫീസറുമടക്കം മൂന്ന് സൈനികർ വീരചരമം പ്രാപിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.