20 ജവാന്മാർ വീരമൃത്യു വരിച്ചിട്ട് 24 മണിക്കൂർ പിന്നിടുമ്പോഴും ആദരാഞ്ജലികൾ അർപ്പിക്കാതെ പ്രധാനമന്ത്രി

single-img
17 June 2020

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച വിവരം പുറത്തുവന്ന് മണിക്കൂറുകളായിട്ടും ആദരാഞ്ജലികൾ പോലുമർപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഈ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണുയരുന്നത്.

കിഴക്കൻ ലഡാഖിലെ ഗാൽവാൻ താഴ്വരയിൽ ചൈനീസ് പട്ടാളം അനധികൃതമായി കെട്ടിയ ടെന്റുകൾ ഒഴിപ്പിക്കുന്നതിനിടെയാണ് രാജ്യത്തിന് 20 ജവാന്മാരെ നഷ്ടമായത്. ഇതിൽ മൂന്നുപേരുടെ മരണവാർത്ത ചൊവ്വാഴ്ച രാവിലെയും ബാക്കി 17 പേർക്ക് ജീവൻ നഷ്ടമായ വിവരം രാത്രിയുമാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടത്. എന്നാൽ ആദ്യത്തെ മരണവാർത്ത പുറത്ത് വന്ന 24 മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രധാനമന്ത്രി ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തുകയോ ആദരാഞ്ജലികൾ അർപ്പിക്കുകയോ ചെയ്തിട്ടില്ല.

സിനിമാതാരങ്ങളോ അത്തരം സെലിബ്രിറ്റികളോ മരിച്ചാൽ മിനിട്ടുകൾക്കുള്ളിൽ ട്വിറ്ററിൽ ആദരാ‍ഞ്ജലികൾ അർപ്പിക്കുന്ന നരേന്ദ്ര മോദി 24 മണിക്കൂറുകൾ കഴിഞ്ഞിട്ടും നമ്മുടെ ജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചിട്ടില്ലെന്ന് രാഷ്ട്രീയ നിരീക്ഷകനായ തെഹ്സീൻ പൂനവാല വിമർശിക്കുന്നു.

മന്മോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് അതിർത്തിയിലെ പ്രശ്നങ്ങളെ ഉയർത്തിക്കാട്ടി നരേന്ദ്ര മോദി ഇട്ടിരുന്ന രൂക്ഷമായ ഭാഷയിലുള്ള ട്വീറ്റുകളും ചർച്ചയാകുന്നുണ്ട്.