ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍; ഓണ്‍ലൈനിലൂടെ വീട്ടിലിരുന്ന് പ്രതിജ്ഞയെടുത്ത് 850 പേർ അഭിഭാഷകരാകുന്നു

single-img
17 June 2020

കൊറോണ വ്യാപനം ഇന്നുവരെയുള്ള സകല രീതികളെയും പൊളിച്ചുമാറ്റുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഇതാ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വീട്ടിലിരുന്ന് പ്രതിജ്ഞയെടുത്ത് 850 പേർ അഭിഭാഷകരാകുന്നു. സംസ്ഥാനത്തിൽ നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ജൂൺ 27ന് ഓൺലൈൻ മുഖേന കേരള ബാർ കൗൺസിൽ ഇത്തരത്തിൽ ഒരു എൻറോൾമെന്‍റ് സംഘടിപ്പിക്കുന്നത്.

സാധാരണ രീതിയിലെ പോലെ അഭിഭാഷകരുടെ ഔദ്യോഗിക വസ്ത്രമണിഞ്ഞായിരിക്കും 850 പേരും വീടുകളിൽ ആണെങ്കിലും ചടങ്ങില്‍ പങ്കെടുക്കേണ്ടത്. ബാർ കൗൺസിൽചെയർമാൻ ഉൾപ്പെടെയുള്ളവർ എറണാകുളത്തെ ബാർ കൗൺസിൽ ഓഫീസിൽ നിന്ന് ഓൺലൈൻ ചടങ്ങിൽ പങ്കുചേരും.

ലൈവായി ബാർ കൗൺസിൽ ചെയർമാൻ ചൊല്ലിക്കൊടുക്കുന്ന പ്രതിജ്ഞ എൻറോൾമെന്‍റ് ചെയ്യുന്നവർ വീട്ടിലിരുന്ന് ഏറ്റുചൊല്ലും. സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നീക്കിയ ശേഷമാകും ഇവർക്ക് സർട്ടിഫിക്കറ്റ് നൽകുക. ഇത്തരത്തിൽ ഒരു ചടങ്ങുനടത്തുന്നതിന്റെ മുന്നോടിയായി ബാര്‍ കൗൺസിലില്‍ ട്രയല്‍ റണ്‍ വിജയകരമായി നടത്തി.