ഇന്ത്യ – ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷം; പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി

single-img
16 June 2020

നിലവിൽ ഇന്ത്യ – ചൈന അതിർത്തിയിൽ സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും അതിർത്തിയിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നു. രാജ്യത്തെ കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തിന് തൊട്ടുമുമ്പ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി.

ഈ കൂടിക്കാഴ്ചയുടെ തൊട്ടുമുമ്പും ശേഷവും പ്രതിരോധമന്ത്രി കരസേനാമേധാവി എം എം നരവനെയുമായി ചര്‍ച്ച നടത്തിയിരുന്നു. ഇനി ഇന്ത്യന്‍ കരസേനയുടെ പ്രസ്താവനയോ വാർത്താസമ്മേളനമോ ഇതിന് ശേഷം പ്രതീക്ഷിക്കപ്പെടുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ പ്രതിരോധമന്ത്രിയുടെ വസതിയിൽ പ്രതിരോധസേനാതലവൻ ബിപിൻ റാവത്ത്, കരസേനാമേധാവി, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ എന്നിവർ പങ്കെടുക്കുന്ന രണ്ടാംവട്ട ചർച്ച പുരോഗമിക്കുകയാണ്.

ഇതേസമയം തന്നെ അതിർത്തിയിൽ ഇന്ത്യ- ചൈന ഉന്നത സൈനികോദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചയും തുടരുകയാണ്. ഇന്ന് ചൈനയുടെ വിദേശകാര്യമന്ത്രാലയം ഇന്ത്യയ്ക്കെതിരെ ശക്തമായ പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്. അതിര്‍ത്തിയിലുണ്ടായ സംഘർഷത്തിൽ ശക്തമായ പ്രതിഷേധം ഇന്ത്യയെ ചൈന അറിയിച്ചെന്ന് വിദേശകാര്യവക്താവ് സാവോ ലിജിയൻ വ്യക്തമാക്കി.