കുഞ്ഞ് ജനിച്ചിട്ട് 40 ദിവസം, പോക്കറ്റിലുള്ളത് 30 രൂപ: സക്കീർ പാമ്പുപിടിക്കാൻ പോയത് കഷ്ടപ്പാടിനിടയിൽ

single-img
16 June 2020

കഴിഞ്ഞ ദിവസം മൂർഖൻ കൊത്തി മരണപ്പെട്ട പാമ്പുപിടിത്തക്കാരനായ സക്കീര്‍ ഹുസൈന്റെ മരണം നാടിന് നൊമ്പരമാകുന്നു. ഭാര്യ ഹസീനയുടെ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 40 ദിവസം തികയവേയാണ് സക്കീര്‍ ഹുസൈൻ മരണപ്പെടുന്നത്. ലോക്ക്ഡൗണ്‍ സക്കീര്‍ ഹുസൈന്റെ ജീവിതത്തെയും ബാധിച്ചിരുന്നതായി അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾ പറയുന്നു. 

പാമ്പുപിടിക്കാന്‍ ചെല്ലുന്നിടത്തെ വീട്ടുകാര്‍ കുറച്ചു തുകയെങ്കിലും പാരിതോഷികമായി നല്‍കുമെന്നുള്ളതായിരുന്നു സക്കീർ ഹുസെെൻ്റെ ഏക ആശ്വാസം. കഷ്ടപ്പാടിനിടയിൽ കുറച്ചു കാശ് മോഹിച്ച് എത്തിയതാണ് സക്കീർ ഹുസെെൻ്റെ ജീവൻ കവർന്നതെന്നും കൂട്ടുകാർ പറയുന്നു. കൂട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ചാണ് സക്കീർ ഹുസെെൻ നാവായിക്കുളത്തേക്കു പോയത്. 

വീട്ടില്‍ക്കണ്ട മൂര്‍ഖനെ പിടിക്കാന്‍ വരുമോയെന്നറിയാനാണ് സക്കീറിനെ വിളിച്ചത്. സുഹൃത്തുക്കള്‍ അവനോട് പോകരുതെന്നു പറഞ്ഞു. പോക്കറ്റിലുള്ളത് മുപ്പതുരൂപ മാത്രമായിരുന്നു. ചെലവുകാശിനായി വല്ലതും കിട്ടുമല്ലോയെന്നു പറഞ്ഞ് അവന്‍ പോയി.എട്ടുമണിയോടെ അവിടെയെത്തി. ചെന്നപാടെ പാമ്പിനെ പിടികൂടി. നിമിഷങ്ങള്‍ക്കകം പാമ്പ് കൈയില്‍ കൊത്തുകയായിരുനന്നുവെന്നും കൂട്ടുകാർ പറയുന്നു. 

ആറുമാസംമുമ്പ് സക്കീര്‍ ശാസ്തവട്ടത്ത് വാടകവീട്ടിലേക്കു മാറിയിരുന്നു. മൂത്തമകള്‍ ഏഴുവയസ്സുകാരി ബാപ്പയുടെ മരണമറിയാതെ വീട്ടില്‍ ഓടിനടക്കുന്നു. ലൈറ്റ്‌സ് ആന്‍ഡ് സൗണ്ട് ജീവനക്കാരനായിരുന്നു. ലോക്ക്ഡൗണ്‍ വന്നതോടെ ആ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. എട്ടുവര്‍ഷംമുമ്പേ സക്കീര്‍ പാമ്പുപിടിത്തം തുടങ്ങിയിരുന്നു.