പബ്ജി കളി ഇവർക്ക് നേരംപോക്ക് മാത്രമല്ല; ഈ ചെറുപ്പക്കാർ പബ്ജി കളിച്ചത് ഒരു 22 വയസുകാരന്റെ ജീവിതം തിരിച്ചുപിടിക്കാൻ

single-img
16 June 2020

പബ്ജി എന്ന മൊബൈൽ ഗെയിമിനെക്കുറിച്ച് നിരവധി വാർത്തകൾ നാം വായിച്ചിട്ടുണ്ട്. മൊബൈലിൽ റിയൽടൈം ആയി കളിക്കുന്ന ഈ ഗെയിം കളിച്ച് നിരവധി ചെറുപ്പക്കാരുടെ ജീവിതം നശിച്ചതും മറ്റുമായ വാർത്തകളാണ് നാം കേട്ടിട്ടുള്ളത്. എന്നാൽ പബ്ജി കളിച്ച് ഒരാളെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാൻ സഹായിച്ചതിന്റെ കഥയാണ് ഈ ചെറുപ്പക്കാർക്ക് പറയാനുള്ളത്.

ഓൺലൈൻ ഗെയിമർമാരുടെ കൂട്ടായ്മയായ ഓൾ കേരള ഇ സ്പോർട്സ് ഫെഡറേഷൻ (AKEF) ആണ് ഇരുവൃക്കകളും തകരാറിലായ മാടവന ചേപ്പനം കോനാട്ട് അമൽ സുകുമാരന്റെ ചികിത്സാർഥം ഗെയിം കളിച്ച് ധനശേഖരണം നടത്തിയത്. അമലിന്റെ അമ്മ വൃക്ക നൽകാൻ തയാറായെങ്കിലും അവയവം മാറ്റിവയ്ക്കാൻ വേണ്ട എട്ടര ലക്ഷത്തോളം രൂപ കണ്ടെത്താൻ കുടുംബത്തിനു കഴിയാതെ വന്നപ്പോഴാണ് എകെഇഎഫ് സഹായവുമായി എത്തിയത്.

സംഘടനയിലെ അംഗങ്ങളായ 45 യൂട്യൂബ് സ്ട്രീമർമാർ 24 മണിക്കൂർ തുടർച്ചയായി ഗെയിം കളിച്ച് ലൈവ് സ്ട്രീമിങ് നടത്തിയാണു തുക സമാഹരിച്ചത്. ശനിയാഴ്ച രാത്രി തുടങ്ങിയ ഗെയിമിങ് ഞായറാഴ്ച്ച രാത്രി വരെ നീണ്ടു. വീഡിയോയിൽ ബാനർ ആയി ഗൂഗിൾ പേ അക്കൌണ്ട് വിലാസം ഷെയർ ചെയ്തായിരുന്നു ധനശേഖരണം. മൊത്തം 2.75 ലക്ഷം രൂപയിലധികം ഇത്തരത്തിൽ സമാഹരിക്കാൻ കഴിഞ്ഞതായി എകെഇഎഫ് പ്രസിഡന്റ് അമൽ അർജ്ജുൻ ഇവാർത്തയോട് പറഞ്ഞു.

ഇത്തരത്തിൽ സമാഹരിച്ച പണം അമൽ അർജുൻ ചികിത്സാ ധനസമാഹരണ സമിതിക്ക് അക്കൗണ്ട് ട്രാൻസ്ഫർ മുഖേന കൈമാറി. മുൻപും ഇത്തരത്തിൽ രോഗത്താൽ ബുദ്ധിമുട്ടുന്നവർക്കായി ധനസമാഹരണം നടത്തി തങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അമൽ പറഞ്ഞു.

ഓൺലൈൻ ഗെയിം ടൂർണമെന്റുകൾ തങ്ങൾ സംഘടിപ്പിക്കാറുണ്ടെന്നും ഈ മേഖലയിലെ വരുമാനസാധ്യതകൾ ഗെയിമർമാർക്ക് തുറന്ന് കൊടുക്കുന്ന ഒരു നോൺ പ്രോഫിറ്റ് സംഘടനയാണ് തങ്ങളുടേതെന്നും അമൽ പറയുന്നു.