കൊറിയൻ രാജ്യങ്ങൾ സംഘർഷത്തിലേക്ക്; സമാധാന ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് തകര്‍ത്ത് ഉത്തരകൊറിയ

single-img
16 June 2020

കൊറിയൻ രാജ്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങുന്നതായി സൂചന. ദക്ഷിണ കൊറിയയുമായി സമാധാന ചര്‍ച്ചകള്‍ക്കായി സ്ഥാപിച്ച ഓഫീസ് ഉത്തരകൊറിയ ഇന്ന് തകര്‍ത്തു. ഉത്തരകൊറിയയുടെ അതിര്‍ത്തി നഗരമായ കെയ്‌സൊങിലെ ഓഫീസാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്.

ഇന്ന് ഉച്ചയ്ക്ക് 2.30 നാണ് സംഭവം നടന്നത്. ഓഫീസ് നിലനിന്ന പ്രദേശത്തു ഒരു വലിയ സ്‌ഫോടനം നടന്നതായും പുകകള്‍ ഉയരുന്നതായും ദക്ഷിണ കൊറിയയിൽ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉത്തരകൊറിയൻ ഭരണാധികാരി കിമ്മിനെതിരായ ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും ബലൂണുകളിൽ വരുന്നതായി ബന്ധപ്പെട്ട് വന്ന തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ നടപടിയിലേക്ക് നയിച്ചത്.

ഈ പശ്ചാത്തലത്തിൽ എല്ലാ ആശയ വിനിമയവും നിര്‍ത്താന്‍ ഉത്തരകൊറിയ തീരുമാനിച്ചിരുന്നു. ദക്ഷിണ കൊറിയയുടെ പ്രവൃത്തിക്കെതിരെ തങ്ങൾ തക്കതായ നടപടിയെടുക്കുമെന്നും അതിനായി സൈന്യത്തെ ഏര്‍പ്പാടാക്കുമെന്നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോങ് ജോങ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.