ബ്രേക്ക് ദ ചെയിന്‍: സ്‌പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

single-img
16 June 2020

കോവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് തപാൽ വകുപ്പുമായി സംയുക്തമായി ബ്രേക്ക് ദ ചെയിന്‍ ക്യമ്പയിന്‍ സ്‌പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി മാത്രമേ കൊറോണയ്‌ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ സ്‌പെഷ്യല്‍ പോസ്റ്റ് കവര്‍ പുറത്തിറക്കിയത് എന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു.

ബ്രേക്ക് ദ ചെയിനിന്റെ ‘തുടരണം ഈ കരുതല്‍’ പരമാവധി ആള്‍ക്കാരില്‍ എത്തിക്കുകയാണ് ലക്ഷ്യം. സോപ്പ് ഉപയോഗിച്ച് ഫലപ്രദമായി കൈ കഴുകണം, മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നിവ വ്യക്തമാക്കുന്ന ‘എസ്എംഎസ് കാമ്പയിന്‍’ ആണ് സ്‌പെഷ്യല്‍ പോസ്റ്റ് കവറിലുള്ളത്. ഈ കാമ്പയിന് പൊതുജനങ്ങള്‍ പിന്തുണ നൽകേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യകേരളം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ വി. രാജരാജന്‍, ഡെപ്യൂട്ടി പോസ്റ്റല്‍ സൂപ്രണ്ട് സയിദ് റാഷിദ്, സീനിയര്‍ സൂപ്രണ്ട് പ്രതീക് തുടങ്ങിയവര്‍ പങ്കെടുത്തു.