അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം; സംവിധായകന്‍ സച്ചി ഗുരുതരാവസ്ഥയിൽ

single-img
16 June 2020

പ്രശസ്ത സിനിമാ സംവിധായകന്‍ സച്ചി സർജറിക്കായി നസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ. നിലവിൽ തൃശൂർ ജൂബിലി ഹോസ്പിറ്റലില്‍ ചികിത്സയിലാണ് അദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു സച്ചിക്ക് നടുവിന് രണ്ട് സര്‍ജറികള്‍ നടത്തിയത്. ഇതിൽ ആദ്യ സര്‍ജറി വിജയകരമായിരുന്നു.അടുത്ത സര്‍ജറിക്കായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നെന്ന് സച്ചിയുടെ സുഹൃത്തും തിരക്കഥാകൃത്തുമായ സേതു അറിയിച്ചു.

നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിലുള്ള അദ്ദേഹത്തെ സിടി സ്‌കാന്‍ നടത്തുകയാണെന്നും സച്ചിയുടെ നില ഗുരുതരമാണെന്നും തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതരും അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

” അദ്ദേഹത്തിന് ഈ ആശുപത്രിയില്‍ വെച്ചല്ല അദ്ദേഹത്തിന് സര്‍ജറി നടത്തിയത്. മറ്റൊരു ആശുപത്രിയില്‍ വെച്ചാണ്. അവിടെവെച്ചു ഹൃദയാഘാതം സംഭവിച്ച ശേഷമാണ് ഇവിടേക്ക് എത്തിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും കുഴപ്പം സംഭവിച്ചിട്ടുണ്ട്. “- റിപ്പോർട്ടിൽ പറയുന്നു.

മലയാള നടന്മാരായ പൃഥ്വിരാജും ബിജുമേനോനും ഉൾപ്പെടെയുള്ളവർ ഇപ്പോൾ ആശുപത്രിയില്‍ എത്തിയിട്ടുണ്ടെന്ന് സേതു പറഞ്ഞു. സച്ചി സംവിധാനം ചെയ്ത അനാര്‍ക്കലിയിലും അയ്യപ്പനും കോശിയിലും പൃഥ്വിരാജും ബിജുമേനോനുമായിരുന്നു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.