കൊറോണ വെെറസിനെ കണ്ടാൽ പ്രകാശിക്കുന്ന മാസ്ക്: സെൻസർ മാസ്കുകൾ യാഥാർത്ഥ്യമാകുന്നു

single-img
16 June 2020

കൊറോണാവൈറസിനെ കണ്ടാല്‍ പ്രകാശിക്കുന്ന മാസ്‌ക് നിർമ്മിക്കുവാനുള്ള ശ്രമം ആരംഭിച്ചതായി ഗവേഷകർ. മാസച്ചൂസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍, ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്നാണ് പ്രകാശിക്കുന്ന മാസ്കുകൾ യാഥാർഥ്യമാക്കാനുള്ള നീക്കം നടക്കുന്നത്. .

എംഐടിയിലെ ഗവേഷകര്‍ കൊറോണാവൈറസ് വരുന്നതിനു മുൻപ് തന്നെ ഇതിനുള്ള പരീക്ഷണം തുടങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എംഐടിയിലെ ബയോ എൻജിനീയറിങ് ലാബ്രട്ടറിയിലെ ജിം കോളിന്‍സ് മഹാവ്യാധികള്‍ക്കെതിരെ ഇങ്ങനെയൊരു മാസ്ക്ക് നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. 2014ല്‍ തന്നെ എബോളാ വൈറസിനെതിരെയുള്ള സെന്‍സറുകളെന്ന ആശയം അദ്ദേഹത്തിന്റ കീഴിലുള്ള ലാബില്‍ വികസിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ആ പദ്ധതി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 

ഇക്കാര്യത്തില്‍ നടത്തിയ ഗവേഷണഫലങ്ങള്‍ എംഐടിയിലെയും ഹാര്‍വര്‍ഡിലെയും ഒരു ചെറിയ സംഘം 2016ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കൊറോണ വൈറസിനെ വ്യാപനം തടയാനുള്ള ശ്രമത്തിലാണ് ഗവേഷകർ. ഇത് വിജയിച്ചാൽ വലിയ മാറ്റങ്ങളാകും ആരോഗ്യ രംഗത്ത് ഉണ്ടാവുക. എയര്‍പോര്‍ട്ടുകളിലും മറ്റും സുരക്ഷാ ചെക്കിങ് സമയത്ത് ഇതു വളരെ ഉപകാരപ്രദമായിരിക്കും.

റിപ്പോർട്ട് പ്രകാരം ഇപ്പോൾ അവർ വികസിപ്പിക്കുന്ന മാസ്‌ക് അണിഞ്ഞാല്‍, കൊറോണ വൈറസുള്ള ഒരാള്‍ ഉച്ഛ്വസിക്കുമ്പോഴും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അതിലുള്ള ഫ്‌ളൂറോസന്റ് ലൈറ്റ് കത്തും.  ജോലി സ്ഥലത്തേക്കു പോകുമ്പോഴും, വരുമ്പോഴും ഇതു വയ്ക്കാം. സിന്തറ്റിക് ബയോളജി എന്ന വിഭാഗത്തിലെ ഒരു അഗ്രഗാമിയായാണ് കോളിന്‍സ് അറിയപ്പെടുന്നത്. 

ആശുപത്രികള്‍ക്ക് സന്ദർശകരെയും രോഗികളെയും നിരീക്ഷിക്കാന്‍ ഉപയോഗിക്കാമെന്നാണ് കോളിന്‍സ് പറയുന്നത്. തങ്ങളുടെ പരീക്ഷണങ്ങല്‍ അതിന്റെ പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.