ഇനി വേണ്ടത് സൈനികചർച്ചയല്ല; അതിർത്തിയിൽ ചൈനയ്ക്കുള്ളത് മറ്റെന്തോ ലക്‌ഷ്യം: എ കെ ആന്‍റണി

single-img
16 June 2020

ഇന്ന്ഉണ്ടായ സംഘർഷത്തിൽ ഇന്ത്യ – ചൈന അതിർത്തിയിൽ മൂന്ന് സൈനികരുടെ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ സൈനികചർച്ചയല്ല, ഇനി നയതന്ത്രചർച്ച തന്നെ അനിവാര്യമാണെന്ന് മുൻ പ്രതിരോധമന്ത്രി എ കെ ആന്‍റണി. ഇതിൽ നിന്നും മനസിലാകുന്നത് ചൈനയ്ക്ക് അതിർത്തിരേഖ സംബന്ധിച്ചുള്ള വെറും തർക്കം മാത്രമല്ല ഉള്ളതെന്നും ചൈനയ്ക്ക് മറ്റെന്തോ ലക്ഷ്യമുണ്ടെന്നാണ് എന്നും എ കെ ആന്‍റണി പറഞ്ഞു. അത് എന്താണ് എന്ന് താനിപ്പോൾ ഉറപ്പിച്ച് പറയുന്നില്ലെന്നും, പക്ഷേ, ഇനി സൈനികതലചർച്ചയ്ക്ക് ഒപ്പം പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും അടക്കം ഇടപെട്ട് ഉന്നതതലചർച്ചയിലേക്ക് കാര്യങ്ങൾ നീങ്ങിയേ തീരൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാശ്മീരിൽ ലഡാക്കിലെ ഗാൽവാൻ താഴ്‍വരയിൽ ഇന്നുണ്ടായ ചൈനീസ് പ്രകോപനത്തിൽ മൂന്ന് ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ”ചൈന ഇപ്പോൾ നടത്തുന്ന പ്രകോപനം റോഡ് നിർമാണത്തെച്ചൊല്ലി മാത്രമല്ല. മറ്റെന്തോ ലക്ഷ്യം ചൈനയ്ക്കുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതലചർച്ച നടക്കുന്നതിന് മുമ്പ്, ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈന പിൻമാറുന്നുവെന്നും കേന്ദ്രസർക്കാർ ഉറപ്പാക്കണം.

നിലവിലെ സ്ഥിതി ഉറപ്പാക്കൽ, അഥവാ, ഈ പ്രശ്നം ഉണ്ടാകുന്നതിന് മുമ്പ് ചൈനീസ് സൈന്യം അതിർത്തിയിൽ എവിടെയാണോ ഉണ്ടായിരുന്നത് അവിടേക്ക് മാറിയാൽ മാത്രമേ ഫലപ്രദമായ ചർച്ച നടക്കൂ. ഇപ്പോഴാവട്ടെ ചൈനീസ് സൈന്യം ഇന്ത്യയുടെ അതിർത്തി കൈയേറി അകത്തേക്ക് കടന്നിരിക്കുകയാണ്.

നമ്മുടെ രാജ്യത്തെ വിശ്വാസത്തിലെടുത്ത് പ്രധാനമന്ത്രിയോ വിദേശകാര്യമന്ത്രിയോ പ്രതിരോധമന്ത്രിയോ ആരെങ്കിലും രാജ്യത്തോട് അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് വിശദീകരിക്കണം. എന്താണ് ഇപ്പോൾ അവിടെയുള്ള സ്ഥിതി എന്ന് തുറന്ന് പറയണം.”,- എ കെ ആന്‍റണി പറഞ്ഞു.