ഇത് അത്രപെട്ടെന്ന് കീഴടങ്ങുന്ന വെെറസല്ല: കൊറോണയുടെ രണ്ടാം വരവിൽ ചെെനയിലെ സ്ഥിതി അതീവ ഗുരുതരം

single-img
16 June 2020

ചെെനയെ വീണ്ടും ആശങ്കപ്പെടുത്തി കൊറോണ വെെറസ് ബാധ. തലസ്ഥാന നഗരമായ ബീജിംഗില്‍ സ്ഥിതി അതീവഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ 106 പുതിയ രോഗികള്‍ വന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.ചൊവ്വാഴ്ച മാത്രം 27 പുതിയ കേസുകളാണ് ബീജിംഗില്‍ രേഖപ്പെടുത്തിയത്. 

ബീജിംഗിൽ ലോക് ഡൗൺ അവസാനിച്ചതിനു പിന്നാലെ മേയ് 30 മുതല്‍ ഇവിടെ രണ്ട് ലക്ഷത്തോളം പേർ സന്ദര്‍ശിച്ചിട്ടുണ്ട്. മാര്‍ക്കറ്റിലെ എണ്ണായിരത്തോളം തൊഴിലാളികളെ പരിശോധനയ്ക്കു ശേഷം കേന്ദ്രീകൃത ക്വാറന്റീനിലേക്ക് മാറ്റിയിരിക്കുകയാണ്. 

മൂന്നു കോടി ജനങ്ങളുള്ള ബീജിംഗിലെ ക്‌സിന്‍ഫാദി മൊത്തവ്യാപാര മാര്‍ക്കറ്റിലാണ് രണ്ടാംഘട്ടത്തില്‍ കൊവിഡ് കണ്ടെത്തിയതെന്നുള്ളത് അധികൃതരെ ആശങ്കപ്പെടുത്തുന്നത്. ലോക്ഡൗണും വ്യാപകമായ ടെസ്റ്റുകളും വഴി രോഗ വ്യാപനം തടഞ്ഞുനിര്‍ത്തുന്നതില്‍ ചൈന വിജയിച്ചുവെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് വീണ്ടും അപായസൂചന പുറത്തുവരുന്നത്.

ഇതിനിടെ ബീജിംഗിലെ രോഗവ്യാപനത്തില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തിയിരുന്നു. നഗരത്തിലെ എല്ലാ ഭക്ഷ്യമാര്‍ക്കറ്റിലേയും റസ്‌റ്റോറൻ്റുകളിലേയും സര്‍ക്കാര്‍ കാൻ്റീനുകളിലെയും ഉടമകള്‍ക്കും മാനേജര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശോധനകള്‍ നടത്തുമെന്ന് നഗര ഭരണകൂടം വ്യക്തമാക്കിക്കഴിഞ്ഞു. 90,000 പരിശോധനകള്‍ ഒരു ദിവസം നടത്താനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

രോഗം വീണ്ടും പടർന്നുപിടിക്കുന്നുവെന്നുള്ള വാർത്തകൾക്കു പിന്നാലെ നഗരത്തില്‍ നിന്നു പുറത്തേക്കുള്ള ടാക്‌സി, വാടക വാഹനങ്ങളുടെ സര്‍വീസ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷന്‍ ചൊവ്വാഴ്ച നിരോധിച്ചു. എല്ലാ ഇന്‍ഡോര്‍ കായിക മത്സരങ്ങളും നിര്‍ത്തിവച്ചു. നഗരത്തിലെത്തിയ എല്ലാവരേയും ക്വാറൻ്റീന്‍ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നഗരത്തിലുള്ള ഏഴ് റസിഡന്‍ഷ്യല്‍ എസ്‌റ്റേറ്റുകള്‍ ലോക്ഡൗണിലാക്കിയിരിക്കുകയാണ്. നിലവിൽ സ്ഥിതിഗതികൾ വളരെ ഗുരുതരമാണെന്നാണ് പുറത്തു വരുനന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ലോകത്ത് ആദ്യമായി കൊറോണ വെെറസ് താണ്ഡവമാടിയ രാജ്യമാണ് ചെെന. എന്നാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഒരു പരിധിവരെ രോഗത്തെ തടയാൻ ചെെനയ്ക്കായി. എന്നാൽ ബീജിംഗിലെ ഹെബീ പ്രവിശ്യയിലാണ് കൊവിഡ് രണ്ടാംഘട്ടത്തില്‍ എത്തിയത്. തെക്ക പടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസും ബീജിംഗില്‍ നിന്നുള്ളതാണ്. ബീജിംഗില്‍ നിന്ന് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പോയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. പുറത്തേക്ക് പോയവര്‍ വിവരം അറിയിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബീജിംഗ് നഗരത്തിലെ 276 കാര്‍ഷിക മാര്‍ക്കറ്റുകള്‍, 11 മാര്‍ക്കറ്റുകള്‍, 33,000 ഭക്ഷ്യ, ബെവ്‌റേജസ് സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കിക്കഴിഞ്ഞു. എങ്കിലും പ്രതിരോധപ്രവർത്തനങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും നടത്തുവാൻ ചെെനീസ് സർക്കാർ ഒരുക്കമല്ല. കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് കൊറോണ വൈറസ് സാന്നിധ്യം ആദ്യമായി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനിലെ ഭക്ഷ്യമാര്‍ക്കറ്റിലായിരുന്നു കൊറോണ ആദ്യം പ്രത്യക്ഷപ്പെട്ടതും ലോകമെമ്പാടും ബാധിച്ചതും.