കൊവിഡിന്‍റെ മറവില്‍ ഇന്ധന വില വര്‍ദ്ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: സോണിയ ഗാന്ധി

single-img
16 June 2020

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി. അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും അതിന്റെ ഗുണം നല്‍കാതെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് സോണിയ ഗാന്ധി കത്തില്‍ കുറ്റപ്പെടുത്തി.

രാജ്യമാകെ കൊവിഡ് മഹാമാരിയില്‍ ദശലക്ഷക്കണക്കിനാളുകള്‍ പ്രയാസപ്പെടുമ്പോള്‍ വില കൂട്ടിയതിലെ യുക്തി മനസ്സിലാകുന്നില്ലെന്നും കത്തില്‍ സോണിയ പറയുന്നു. രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന കഷ്ടപ്പാടുകള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത്തരത്തില്‍ വില ഇനിയും കൂട്ടി ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കരുതെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

രാജ്യമാകെ തുടര്‍ച്ചയായി പത്താം ദിവസമാണ് പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നത്. അതേസമയം രാജ്യത്ത് തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. ഇന്ന് ഡീസലിന് 54 പൈസയും പെട്രോളിന് 47 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടുകൂടി കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെട്രോളിന് 5.48 രൂപയും ഡീസലിന് 5.51 രൂപയുമാണ് വര്‍ദ്ധിച്ചത്. ജൂണ്‍ ഏഴ് മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്.