നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്നാട്; ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച 277 പേരെ കാണാനില്ല

single-img
15 June 2020

സ്ഥിതി ഗതികൾ രൂക്ഷമായതിനെ തുടർന്ന് തമിഴ്‌നാട്ടിലെ ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം എടുത്തത്. നിലവിൽ തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവ.

ഓരോ ദിവസവും കൊവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ രോഗം സ്ഥിരീകരിച്ച 277 പേരെ കാണാതായത് ആശങ്ക ഉയർത്തുന്നുണ്ട്. ടെസ്റ്റ് നടന്നപ്പോൾ തെറ്റായ വിവരം നല്‍കിയ ഇവരെ കണ്ടെത്താന്‍ കഴിയാത്തിനെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഇപ്പോൾ പോലീസ് സഹായം തേടിയിരിക്കുകയാണ്. ഇതേവരെ
ചെന്നൈയില്‍ മാത്രം 31,896 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്.

മറ്റു ജില്ലകളായ ചെങ്കല്‍പേട്ട്-2882, തിരുവള്ളൂര്‍-1865, കാഞ്ചീപുരം-709 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ എണ്ണം. ഈ മാസം മാസം 19 മുതല്‍ 30 വരെയാണ് ലോക്ക്ഡൗണ്‍. ഈ ദിവസങ്ങളിൽ രാവിലെ 6 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. അതേസമയം കണ്ടെയിന്‍മെന്റ് സോണുകളിലെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയിട്ടില്ല.