പാമ്പിനെ പിടികൂടി പ്രദർശിപ്പിക്കുന്നതിനിടെ യുവാവിന് പാമ്പുകടിയേറ്റ് മരണം: രക്ഷപ്പെട്ട പാമ്പിനെ വീണ്ടും പിടികൂടി വാവ സുരേഷ്

single-img
15 June 2020

പാമ്പിനെ പിടികൂടി ജനങ്ങൾക്ക മുന്നിൽ പ്രദർശിപ്പിക്കുന്നതിനിടയിൽ  യുവാവിന് പാമ്പു കടിയേറ്റ് ദാരുണമരണം. ശാസ്താവട്ടം, റുബീന മൻസിലിൽ ഷാഹുൽ ഹമീദിന്റെ മകൻ സക്കീർ ഹുസൈൻ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു സംഭവം. 

നാവായിക്കുളം ഇരുപത്തെട്ടാംമൈൽ കാഞ്ഞിരംവിളയിൽ പാമ്പിനെ പിടികൂടാനെത്തിയതായിരുന്നു സക്കീർ. ഇതിനിടെയാണ് മൂർഖന്‍റെ കടിയേറ്റത്. പാമ്പിനെ പ്രദർശിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റതെന്നാണ് വിവരം.  അവശനായ യുവാവിന്‍റെ വായിൽ നിന്നും നുരയും പതയും വരുന്നത് കണ്ട് നാട്ടുകാർ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

സക്കീറിനെ കൊത്തിയ ശേഷം രക്ഷപ്പെട്ട പാമ്പിനെ പിന്നീട് വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു.