പാകിസ്താനില്‍ കാണാതായ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി; കസ്റ്റഡിയിൽ എടുത്തത് പാക് പോലീസ്

single-img
15 June 2020

ഇന്ന് പാകിസ്താനില്‍ നിന്നും കാണാതായതായി വിവരം ലഭിച്ച ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി. രണ്ടുപേരും ഇപ്പോൾ സുരക്ഷിതമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് തിരിച്ചെത്തിയതായി നയതന്ത്രവൃത്തങ്ങള്‍ അറിയിച്ചു.

ഉദ്യോഗസ്ഥരെ കാണാതായതിനെ തുടർന്ന് നേരത്തെ പാകിസ്താന്‍ നയതന്ത്രജ്ഞനെ വിളിച്ചു വരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ന് പുലർച്ചെ മുതല്‍ ഇവര്‍ പാകിസ്താന്‍ പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഒരു റോഡ് അപകടവുമായി ബന്ധപ്പെട്ട കേസില്‍ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് പാകിസ്താൻ അറിയിച്ചത്.

ഏകദേശം 12 മണിക്കൂർ നേരമാണ് ഇവരെ പാകിസ്താൻ കസ്റ്റഡിയിൽ വച്ചത്. ഇന്ന് പുലർച്ചെ എട്ട് മണിയോടെയാണ് ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ സിഐഎസ്എഫ് ഡ്രൈവര്‍മാരായ ഉദ്യോഗസ്ഥരെ കാണാതായത്. കഴിഞ്ഞ ആഴ്ചയിൽ ചാരവൃത്തി നടത്തിയതിന് രണ്ട് പാക് ഉദ്യോഗസ്ഥരെ ഇന്ത്യ നാടു കടത്തുകയുണ്ടായി . അതിനുള്ള പാകിസ്താന്റെ പ്രതികാര നടപടിയാണ് ഇപ്പോൾ ഉണ്ടായതെന്നാണ് സൂചന.