ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കിയ തീരുമാനം വന്‍ രാഷ്ട്രീയ അബദ്ധം; ജനങ്ങളോട് മാപ്പ് ചോദിച്ച് ഗോവ മുന്‍ ഉപമുഖ്യമന്ത്രി

single-img
15 June 2020

ഗോവയിൽ പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ സര്‍ക്കാരിന് പിന്തുണ നല്‍കാനുള്ള തീരുമാനം വന്‍ രാഷ്ട്രീയ അബദ്ധമായിരുന്നുവെന്ന് ഗോവ മുന്‍ ഉപ മുഖ്യമന്ത്രി വിജയ് സര്‍ദേശായി. ബിജെപി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമതയില്ലാത്തതും സുതാര്യമല്ലാത്തതും ഉത്തരവാദിത്തമില്ലാത്തതുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു

“ഇനി ഒരിക്കൽ കൂടി ഇത്തരമൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ സഹായിക്കില്ല. മുൻപ് മനോഹര്‍ പരീക്കറുടെ മരണത്തോടെ ബിജെപി ഇവിടെ അവസാനിച്ചു. ഇനി മുന്നോട്ടുള്ള കാലം ഈ സംസ്ഥാനം ഭരിക്കാന്‍ ഒരിക്കലും ബിജെപിയെ ഞങ്ങള്‍ അനുവദിക്കില്ല. ഒരിക്കൽ സംഭവിച്ച രാഷ്ട്രീയ അബദ്ധത്തിന് ജനങ്ങളോട് മാപ്പ് ചോദിക്കുന്നു.” – അദ്ദേഹം പറഞ്ഞു.

2017-ൽ നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നെങ്കിലും വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടിയുടെ പിന്തുണയോടെ ബിജെപിയുടെ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രി ആകുകയായിരുന്നു. പിന്നീട് പരീക്കറുടെ മരണ ശേഷം പ്രമോദ് സാവന്ദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനേയും ഗോവ ഫോര്‍വേഡ്‌ പാര്‍ട്ടി പിന്തുണക്കുകയുണ്ടായി.

പക്ഷെ കഴിഞ്ഞ വര്‍ഷം ജൂലായിയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ദേശായിയേയും മറ്റു രണ്ട് ജിഎഫ്പി മന്ത്രിമാരേയും പ്രമോദ് സാവന്ദ് പുറത്താക്കിയിരുന്നു.