12 വയസ്സുകാരി തൂങ്ങിമരിച്ച സംഭവം: അമ്മയ്ക്ക് എതിരെ കേസെടുത്തേക്കും, ആത്മഹത്യ കുറിപ്പ് പുറത്ത്

single-img
15 June 2020

കാര്‍ത്തികപ്പള്ളിയില്‍ 12 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തേക്കുമെന്നു റിപ്പോർട്ടുകൾ. കുട്ടിയെ അമ്മ നിരന്തരമായി ഉപദ്രവിച്ചെന്ന പരാതി ഉയര്‍ന്നതോടെയാണ് പോലീസ് കേസെടുക്കുന്നത്. ഞാന്‍ പോകുന്നു (ഐ ആം ഗോയിങ്) വെന്ന് നോട്ടുബുക്കില്‍ കുറിച്ചിട്ടശേഷമാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്തുമെന്നും പൊലീസ് പറഞ്ഞു. പഠിക്കാത്തതിന് വഴക്കുപറയുകമാത്രമാണ് ചെയ്തതെന്ന് അമ്മ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍, കുട്ടി പഠിക്കാന്‍ മിടുക്കിയായിരുന്നെന്ന് അധ്യാപികമാര്‍ പറയുന്നു.

പുനര്‍വിവാഹിതയായ അമ്മ കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്നും മരണത്തില്‍ സംശയമുണ്ടെന്നും കാട്ടി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന്, ദഹിപ്പിക്കാതെ അടക്കം ചെയ്യണമെന്ന നിര്‍ദേശത്തോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം പോലീസ് മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറിയത്. 

ആറുമാസം മുന്‍പ് കുട്ടിക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നതായി പരാതിയുണ്ട്. ചുണ്ടിലും പുരികത്തും ഇടതുതോളിലും ആഴത്തില്‍ മുറിവുണ്ടായി. കുട്ടിയുടെ സങ്കടം കണ്ട് പൊതുപ്രവര്‍ത്തകര്‍ പിങ്ക് പോലീസിലും ചൈല്‍ഡ്ലൈനിലും വിവരമറിയിച്ചിരുന്നു. പിങ്ക് പോലീസ് വീട്ടിലെത്തിയെങ്കിലും അമ്മയുടെ ഭാഗം ചേര്‍ന്ന് നാട്ടുകാരെ താക്കീത് ചെയ്യുകയായിരുന്നെന്നും അയല്‍വാസികള്‍ പറഞ്ഞു.

പിന്നീട്, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷനില്‍ പ്രശ്‌നം ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. കുട്ടിക്ക് രണ്ടരവയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും വേര്‍പിരിഞ്ഞതാണ്. അഞ്ചുവര്‍ഷം മുന്‍പ് അമ്മ വീണ്ടും വിവാഹിതയായി.പോലീസിന്റെ ഫൊറന്‍സിക് വിഭാഗം മൃതദേഹം കാണപ്പെട്ട മുറിയില്‍ വിശദമായ പരിശോധന നടത്തി. കുട്ടി മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

അതേസമയം മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ല. വീട്ടില്‍ നിന്ന് മാനസിക പീഡനം നേരിട്ടതായ പരാതി ഗൗരവമായി അന്വേഷിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.