കെഎസ്ആർടിസി ബസിൽ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി വേഷം മാറി എഎസ്‍പി പോലീസ് സ്റ്റേഷനിൽ; പെരിന്തൽമണ്ണ പോലീസിന്റെ ഇടപെടൽ ഇങ്ങിനെ

single-img
15 June 2020

യാത്രയ്ക്കിടയിൽ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് തന്റെ പേഴ്‌സും അതിലുണ്ടായിരുന്ന പതിനായിരം രൂപയും നഷ്ടപെട്ടുവെന്ന പരാതിയുമായി എഎസ്‌പി പെരിന്തല്‍മണ്ണ പോലീസ് സ്‌റ്റേഷനിലെത്തി. എഎസ്‌പിയായി ചുമതലയേല്‍ക്കുന്നതിന്റെ തലേദിവസമാണ് ഉദ്യോഗസ്ഥരെ പരീക്ഷിക്കാന്‍ ഹേമലത ഐപിഎസ്എത്തിയത്. ഇവർപെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ പിആര്‍ഒ ഷാജിയോടാണ് ആദ്യം സംസാരിച്ചത്.

തനിക്ക് പോലീസിൽ ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും താന്‍ ഒരു ടെക്‌സ്‌റ്റൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്നും പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. ഇതിനെത്തുടർന്ന് പരാതി എഴുതി നല്‍കാന്‍ പിആര്‍ഒ ഷാജി പറയുകയും അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിവരം അറിയിക്കുകയും ചെയ്തു. ഈ സമയം പരാതി തയ്യാറാക്കാന്‍ അറിയില്ലെന്ന് പറഞ്ഞതോടെ ഇതിന്റെ മാതൃക പിആര്‍ഒ നേരത്തെ തയ്യാറാക്കിയത് യുവതിക്ക് എടുത്തു നൽകി.

അങ്ങിനെ ഒടുവിൽ പരാതി എഴുതി നല്‍കിയ ശേഷം ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അറിയിച്ചു. പക്ഷെ തനിക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലെന്ന് എഎസ്പി അറിയിച്ചതോടെ പണം നഷ്ടപ്പെട്ടതായി പറഞ്ഞ കെഎസ്ആര്‍ടിസിയുടെ ഡിപ്പോയില്‍ വിളിച്ച് പിആര്‍ഒ ഷാജി കാര്യം അന്വേഷിച്ചെങ്കിലും അവിടെ നിന്നും പരാതിയിൽ പറയുന്നപ്രകാരം യാതൊരു വിവരവും ലഭിച്ചില്ല.

തന്റെ കൈയ്യിൽ നിന്നും പണം മാത്രമാണ് നഷ്ടപ്പെട്ടതെന്നും മറ്റു രേഖകളൊന്നും പോയിട്ടില്ലെന്നും പറഞ്ഞതോടെ സംഭവം മോഷണമോ, അല്ലെങ്കില്‍ പണമടങ്ങിയ കവര്‍ കൈയ്യിൽ നിന്ന് നഷ്ടപ്പെടുകയോ ചെയ്തതായി പോലീസുകാര്‍ സംശയിച്ചു. മോഷണം നടന്നതിനെ പോലീസ് ഉദ്യോഗസ്ഥര്‍ വിഷയം ഗൗരമായി കാണുകയും പരാതിക്കാരിക്ക് അര്‍ഹമായ പ്രധാന്യം നല്‍കിയതിനാൽ പിആര്‍ഒ ഷാജി അടക്കമുള്ളവരെ എഎസ്‍പി പിന്നീട് അഭിനന്ദിച്ചു.

യുവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നടപടിയെടുക്കുന്നതിനിടെയാണ് എഎസ്പി താന്‍ പുതുതായി ചുമതലയേറ്റ എഎസ്പി ആണെന്ന് പറഞ്ഞത്. എന്നാൽ അത് ഉദ്യോഗസ്ഥരില്‍ പലരും വിശ്വസിച്ചില്ല. ഈ വിവരം ആദ്യം പറഞ്ഞപ്പോള്‍ തൊട്ടടുത്ത സീറ്റില്‍ ഇരുന്നിരുന്ന പിആര്‍ഒ ഷാജി അപ്പോഴും അങ്ങിനെ തന്നെ ഇരിക്കുകയായിരുന്നു.വീണ്ടുംതാൻ ഹേമലത ഐപിഎസ് ആണെന്ന് പേര് കൂട്ടി പറഞ്ഞപ്പോഴാണ് ഷാജി ഉള്‍പ്പെടെയുള്ളവര്‍ ചാടി എഴുന്നേറ്റ് സല്യൂട്ട് ചെയ്തത്.

ഇതിനിടയില്‍ തന്നെ അവർക്ക് കൈ കഴുകുന്നതിനായി സാനിറ്റൈസര്‍ നല്‍കുകയും ഇരിക്കാന്‍ സൗകര്യമൊരുക്കുകയും പോലീസുകാര്‍ ചെയ്തിരുന്നു. താൻ, പോലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരോട് എങ്ങനെയാണ് പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എഎസ്പി എം. ഹേമലത പറഞ്ഞു.