ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചതിനു പിന്നിൽ ഉന്നത ഗൂഡാലോചന: ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കും

single-img
14 June 2020

തിരുവനന്തപുരം പേട്ടയിൽ സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ ആരംഭിക്കുമെന്നു റിപ്പോർട്ടുകൾ. ജനനേന്ദ്രിയം മുറിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, ഉന്നതർക്ക് അടക്കം ഇതിൽ പങ്കുണ്ടെന്നുമുള്ള വിലയിരുത്തലിന്റെയും, ചില സംശയങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസിൽ സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നിർദേശാനുസരണം വരുന്ന ആഴ്ച അന്വേഷണം ആരംഭിക്കാനാണ് നീക്കം നടക്കുന്നത്. 

അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി പ്രശാന്തൻ കാണി ക്രൈംബ്രാഞ്ച് ഐ.ജിയുമായി ഇതു സംബന്ധിച്ച് കൂടിയാലോചനകൾ നടത്തിവരികയാണ്. സംഭവത്തിനിരയായ ഗംഗേശാനന്ദ സ്വാമിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിക്കൊണ്ടാകും കേസിന്റെ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് തുടക്കം കുറിക്കുക. ലോക്കൽ പൊലീസ് അവഗണിച്ചതും, ആദ്യ അന്വേഷണത്തിൽ സ്വാമി വെളിപ്പെടുത്താതിരുന്നതുമായ എല്ലാ കാര്യങ്ങളും പുനരന്വേഷണത്തിൽ പരിശോധിക്കപ്പെടും. 

ഉന്നത തല ഇടപെടലുകളാണ് കേസ് അട്ടിമറിക്കാനും, തെളിവുശേഖരിക്കുന്നതിലെ വീഴ്ചകൾക്കും കാരണമെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പഴുതടച്ച അന്വേഷണമാണ് ക്രൈംബ്രാഞ്ച് ലക്ഷ്യം വയ്ക്കുന്നത്.സംഭവത്തിൽ തന്റെ സഹായിയും പെൺകുട്ടിയുടെ കാമുകനുമായിരുന്ന യുവാവിനും പങ്കുണ്ടെന്ന് സ്വാമി ഒരുഘട്ടത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതെല്ലാം വിശദമായി പരിശോധിച്ചശേഷം സ്വാമിയേയും സഹായിയേയും പെൺകുട്ടിയുടെ വീട്ടുകാരെയും വിശദമായി ചോദ്യം ചെയ്യും.

സ്വാമിയുടെ ആദ്യമൊഴിയും അതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളും തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് വിലയിരുത്തും. തിരുവനന്തപുരം യൂണിറ്റ് എസ്.പി എ.ഷാനവാസ് കേസുമായി സഹകരിക്കും. 

സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും ആസൂത്രണവും പുറത്ത് കൊണ്ടുവരുന്നതിനൊപ്പം, കേസുമായി ബന്ധപ്പെട്ട മറ്ര് പ്രതികളെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ക്രൈംബ്രാ‌ഞ്ച് അന്വേഷണത്തിന്റെ ലക്ഷ്യം.2017 മെയ് 19 ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ എൽ.എൽ.ബി വിദ്യാർത്ഥിനി സ്വയ രക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. പ്രായപൂർത്തിയാകും മുമ്പ് മുതൽ ഗംഗേശാനന്ദ പീഡിപ്പിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. പിന്നീട് ആദ്യമൊഴി തിരുത്തുകയും പരാതി പിൻവലിക്കുകയും ചെയ്തു.

അക്രമിച്ചത് സ്വന്തം സഹായിയാണെന്നും, ഉന്നത ഉദ്യോഗസ്ഥർക്ക് ഈ സംഭവത്തിൽ പങ്കുണ്ടെന്നും ആരോപിച്ച് പിന്നീട് സ്വാമിയും പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പേട്ട പൊലീസായിരുന്നു ആദ്യം അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ മൊഴി പ്രകാരം സ്വാമിയെ മാത്രം പ്രതിയാക്കിയായിരുന്നു കേസ്.കേസുമായി ബന്ധപ്പെട്ട് ഗംഗേശാനന്ദ സ്വാമിയും, സ്വാമി പീഡിപ്പിക്കാൻ ശ്രമിച്ചതായി പറയപ്പെടുന്ന പെൺകുട്ടിയും, കുട്ടിയുടെ അമ്മയും പിന്നീട് മൊഴികൾ മാറ്റിയെങ്കിലും കുറ്റപത്രം സമർപ്പണത്തിന് തയ്യാറെടുത്ത ലോക്കൽ പൊലീസ് മൊഴിയിലെ വൈരുദ്ധ്യങ്ങളൊന്നും പരിഗണിച്ചില്ല. മാത്രമല്ല സ്വാമിയെ അക്രമിച്ച ആയുധം കണ്ടെടുക്കുന്നതിലും, അതിൽ നിന്ന് വിരലടയാളമുൾപ്പെടെയുള്ള തെളിവുകൾ ശേഖരിക്കുന്നതിലും അപാകതകളുണ്ടായതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.