രാമചന്ദ്രൻ ടെക്സ്റ്റെെൽസിന് നിയമം വേറേ: കോവിഡ് പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽ നിന്നുമെത്തിയവരെ ക്വാറൻ്റെെനില്ലാതെ ജോലിക്കുവച്ച് തിരുവനന്തപുരത്തെ ടെക്സ്റ്റെെൽസ്

single-img
14 June 2020

ക്വാറൻ്റീൻ പ്രോട്ടോക്കോളോ മറ്റു നിയമങ്ങളോ ഒന്നും തന്നെ ബാധകമല്ലാതെ തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാരശാലയായ രാമചന്ദ്രൻ ടെക്സ്റ്റൈൽസ്. കോവിഡ് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന തമിഴ്നാട്ടിൽനിന്നും ഈ വസ്ത്രവ്യാപാര ശാലയിലേക്ക് ജോലിക്കെത്തിയ ജീവനക്കാരെ നേരിട്ട് ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം ഉയരുന്നത്. തമിഴ്നാട്ടിൽ നിന്നും എത്തുന്നവർ നിശ്ചിതദിവസം ക്വാറൻ്റെെനിൽ പ്രവേശിക്കണം എന്ന നിയമത്തെ അട്ടിമറിച്ചാണ് ടെക്സ്റ്റൈൽസ് ഉടമകൾ ഈ നടപടി കൈക്കൊണ്ടിരിക്കുന്നത്. 

തമിഴ്‌നാട്ടിലെ റെഡ് സോൺ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നുള്ള 29 തൊഴിലാളികൾ രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസിൽ ജോലിക്കെത്തിയത്. ക്വാറന്റീൻ പ്രോട്ടോക്കോൾ ലംഘിച്ച് അതിനെതിരെ രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ ഫോർട്ട് പോലീസ് കേസെടുത്തു. തമിഴ്നാട്ടിൽ നിന്നും വന്ന ജോലിക്കു കയറിയ ജീവനക്കാർ രാത്രിയിൽ അവരുടെ ലഗേജുമായി ഹോസ്റ്റലിലേക്ക് പോകുമ്പോഴാണ് സമീപവാസികൾ ഇക്കാര്യം ശ്രദ്ധിക്കുന്നത്. 

സമീപവാസികളുടെ പരാതിയുടെ പുറത്താണ് രാമചന്ദ്രൻ ടെക്സ്റ്റൈൽസിനെതിരെ പോലീസ് നടപടി ഉണ്ടായിരിക്കുന്നത്. ജീവനക്കാർ ക്വീറന്റീൻ മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് ബോധ്യമായതോടെ സമീപത്തുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഫോർട്ട് പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും തൊഴിലാളികൾ എത്തിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുകയുമായിരുന്നു. 

ഇതോടെ മതിയായ രേഖകളില്ലാതെ തൊഴിലാളികൾ എത്തിയതെന്ന് ബോധ്യമായത്. ക്വാറൻ്റെെൻ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ബോധ്യമായതോടെ ജീവനക്കാരെ ക്വാറൻ്റീൻ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തെ തുടർന്ന് ടെക്‌സ്‌റ്റൈൽ ഉടമകൾക്കെതിരെ കേസെടുത്തതായി ഫോർട്ട് പൊലീസ് അറിയിച്ചു. ടെക്സ്റ്റെെൽസ് മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പൊലീസ് പറയുന്നു. 

നിലവിലെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൂടുതൽ തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നതായി പരിശോധിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തിൽ നിരവധി ജീവനക്കാർ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ടെന്ന് സമീപവാസികൾ ആരോപിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള തൊഴിലാളികളാണ് ഇവിടെ കൂടുതലും ജോലി ചെയ്യുന്നതെന്നുള്ളതാണ് വസ്തുത. 

തിരുവനന്തപുരം നഗരത്തിലെ തിരക്കുള്ള ടെക്‌സ്‌റ്റെയിൽ സ്ഥാപനമാണ് രമാചന്ദ്രൻ ടെക്സ്റ്റെെൽസ്. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപകമാണെന്നതിനാലും നിയമവിധേയമല്ലാത്ത വഴികളിലൂടെയാണ് ജീവനക്കാർ കേരളത്തിൽ എത്തിയത് എന്ന് സംശയമുള്ളതിനാലും ഈ സംഭവം വളരെ ഗൗരവമായാണ് ആണ് അധികൃതർ നോക്കിക്കാണുന്നത് 

ലോക്ഡൗൺ ലംഘിച്ച് രാമചന്ദ്രയുടെ തിരുവനന്തപുരം നഗരത്തിലെ അട്ടകുളങ്ങരയിലെ മാൾ പ്രവർത്തിക്കുന്നുവെന്ന ആരോപണം മുമ്പും ഉയർന്നിരുന്നു. അട്ടക്കുളങ്ങരയിലെ ഏഴ് നിലയുള്ള രാമചന്ദ്രൻ ടെക്‌സ്‌റ്റൈൽസാണ് ലോക്ഡൗൺ കാലത്തും കച്ചവടം നടത്തിയിരുന്നെന്നും . മാളിൻ്റെ ഭാഗമായ സൂപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നതിൻ്റെ മറവിലാണ് വസ്ത്ര വിൽപ്പനയും നടന്നുവന്നിരുന്നതെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്.