മരണത്തിനു തൊട്ടുമുമ്പുവരെ അമ്മയ്ക്ക് ഒപ്പം കളിച്ചു ചിരിച്ച പതിനൊന്നുകാരി: തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട അമീനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറച്ചു വിശ്വസിച്ച് ബന്ധുക്കളും നാട്ടുകാരും

single-img
14 June 2020

പ്രാക്കുളം കരുവാവിള വടക്കതിൽ കൂലിപ്പണിക്കാരനായ മുഹമ്മദ് കുഞ്ഞിന്റെയും അനീഷയുടെയും മകൾ അമീന തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതകൾ ഏറേ. വെള്ളിയാഴ്ച സന്ധ്യയ്ക്ക് അമ്മയ്ക്കൊപ്പം വീട്ടുപരിസരത്തുണ്ടായിരുന്ന പതിനൊന്നുകാരിയെ 15 മിനിട്ടിനകം കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനിയാണ് അമീന. 

 സംഭവത്തിൽ ദുരൂഹത സംശയിക്കുന്ന കുട്ടിയുടെ രക്ഷിതാക്കളും അയൽക്കാരും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ, ഉമ്മ അനീഷയ്ക്കൊപ്പം മുറ്റത്ത് മരപ്പൊടി വാരിക്കൊണ്ടിരിക്കെ വീട്ടിൽ പോയി നിസ്കരിക്കാൻ അമീനയെ പറഞ്ഞയക്കുകയായിരുന്നു. എന്നാൽ 15 മിനിട്ടു കഴിഞ്ഞ് വീട്ടിലെത്തിയ മാതാവ്,​ അമീനയെ ഉത്തരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്.  കിടക്കയ്ക്കു മുകളിൽ കസേര മറിഞ്ഞു കിടന്നിരുന്നു. 

അമ്മയുടെ നിലവിളി കേട്ടെത്തിയ അയൽവാസികൾ അഞ്ചാലുംമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം അമീനയുടെ നോട്ട്ബുക്കിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് അഞ്ചാലുംമൂട് പൊലീസ് പറഞ്ഞെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചശേഷം കൂടുതൽ ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടാമെന്ന നിലപാടിലാണ് പൊലീസ്. പൊലീസ് അന്വേഷണത്തിൻ്റെ ഭാഗമായി ഫോറൻസിക്, വിരലടയാള വിദഗ്ദ്ധർ പരിശോധന നടത്തിയിരുന്നു. 

അഞ്ചു വയസുള്ള അജ്മൽ, രണ്ടു വയസുള്ള ആസിയ എന്നിവരാണ് അമീനയുടെ സഹോദരങ്ങൾ. സംഭവം നടക്കുമ്പോൾ ഇവർ അമ്മയ്ക്കൊപ്പമായിരുന്നു.അതിനിടെ, ഓൺലൈൻ വിദ്യാഭ്യാസത്തിന് കുട്ടി ബുദ്ധിമുട്ടിയതാണ് ആത്മഹത്യയ്‌ക്കു കാരണമെന്ന് അഭ്യൂഹം പരന്നെങ്കിലും തൊട്ടടുത്തുള്ള ഗ്രന്ഥശാലയിലൊരുക്കിയ ഓൺലൈൻ ക്ളാസിൽ പങ്കെടുത്തിരുന്നുവെന്ന് നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിനു തൊട്ടു മുൻപും കുട്ടി കളിചിരിയോടെ നടക്കുന്നതു കണ്ടെന്ന് അയൽവാസിയും ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ കുമാരനും മൊഴി നൽകിയിട്ടുണ്ട്. 

കഞ്ചാവ് ഉൾപ്പെടെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരുടെയും മദ്യപന്മാരുടെയും താവളമാണ് ഇവിടമെന്ന് നാട്ടുകാർ പറയുന്നു. ഈയൊരു സാഹചര്യത്തിലാണ് കുട്ടിയുടെ മരണത്തിനു പിന്നിൽ പുറത്തുനിന്നുള്ള ആർക്കെങ്കിലും പങ്കുണ്ടോ എന്ന് സംശയം ഉയരുന്നതും. 

ആത്മഹത്യയെക്കുറിച്ച് ആലോചിക്കാൻ പോലുമുള്ള പ്രായം അവൾക്കില്ലെന്നാണ് അമീനയുടെ മാതാവ് പറയുന്നത്. സംഭവത്തിന് അല്പം മുമ്പ് വീട്ടിലേക്ക് പറഞ്ഞയയ്ക്കുമ്പോഴും പെരുമാറ്റത്തിൽ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ലെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ കത്തെഴുതിവച്ച് ജീവനൊടുക്കിയെന്ന് വിശ്വസിക്കാൻ വയ്യെന്നും മാതാവ് പറയുന്നു. 

പതിനൊന്ന് വയസ് മാത്രമുള്ള കുട്ടി ഇതു ചെയ്യുമോ എന്എനു തന്നെയാണ് കുട്ടിയുടെ ഉമ്മയ്കൊപ്പം നാട്ടുകാരും ചോദിക്കുന്നത്. എതിനൊന്നു വയസ്സുമാത്രം പ്രായമുള്ള കുട്ടി കത്തെഴുതി വച്ച് ഉത്തരത്തിൽ കുരുക്കിട്ട് തൂങ്ങില്ല എന്നുതന്നെയാണ് ഇവർ കരുതുന്നതും. മരണത്തിനു തൊട്ടുമുമ്പുവരെ കളിച്ചുചിരിച്ച് അമ്മയ്ക്കൊപ്പമിരുന്ന കുട്ടി പെട്ടെന്നിതു ചെയ്യാൻ കാരണം താമസിയാതെ ചുരുളഴിയുമെന്ന വിശ്വാസത്തിലാണ് അമീനയുടെ ബന്ധുക്കളും നാട്ടുകാരും.