അതേ, സമൂഹവ്യാപനം സംഭവിച്ചു കഴിഞ്ഞു: വെളിപ്പെടുത്തലുമായി ആരോഗ്യ വിദഗ്ദർ

single-img
14 June 2020

കോവിഡ് സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് ഐ.സി.എം.ആർ. എന്നാൽ ഈ നിലപാടിനോട് വിയോജിച്ച് ആരോഗ്യരംഗത്തെ വിദഗ്ധർ രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്ത്‌ പലയിടത്തും സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്നും എന്നാൽ, അത്‌ നിഷേധിക്കാനായി കേന്ദ്രസർക്കാർ മർക്കടമുഷ്ടി കാണിക്കുകയാണെന്നുമാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്. 

സമൂഹവ്യാപനം സംഭവിച്ചുവെന്ന യാഥാർഥ്യം ഇനിയെങ്കിലും അംഗീകരിക്കുകയും അതുവഴി ജനങ്ങൾ അലംഭാവം പുലർത്തുന്നത്‌ ഒഴിവാക്കുകയും വേണമെന്നും അവർ മുന്നറിയിപ്പു നൽകുന്നു. ഐ.സി.എം.ആർ. നടത്തിയ സിറം സർവേയുടെ അടിസ്ഥാനത്തിൽ, രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്ന് സ്ഥാപനത്തിൻറെ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 

 സിറം സർവേയിൽ 65 ജില്ലകളിലെ 26,400 പേരുടെ രക്തം പരിശോധിച്ചപ്പോൾ 0.73 പേർക്കുമാത്രം വൈറസ് ബാധയുള്ളതായി തെളിഞ്ഞു. ഇതിൻറെയടിസ്ഥാനത്തിലാണ് ഐ.സി.എം.ആർ. സമൂഹവ്യാപന ഘട്ടത്തിലെത്തിയിട്ടില്ലെന്ന അനുമാനത്തിലെത്തിയത്. ഈ വിലയിരുത്തൽ തള്ളിക്കൊണ്ടാണ് വൈറോളജി, പൊതുജനാരോഗ്യം, മെഡിസിൻ രംഗത്തെ വിദഗ്ധർ രംഗത്തെത്തിയിരിക്കുന്നത്. 

രാജ്യത്ത് സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യത്തിൽ സംശയമില്ലെന്ന് യിംസ് മുൻ ഡയറക്ടർ ഡോ. എം.സി. മിശ്ര വ്യക്തമാക്കി.  അടച്ചിടലിൽ ഇളവുവരുത്തുകയും ആളുകൾ കൂട്ടത്തോടെ യാത്ര തുടങ്ങുകയും ചെയ്തതോടെ രോഗമില്ലാത്തിടങ്ങളിൽ കൂടി രോഗമെത്തുകയായിരുന്നു. നിയന്ത്രണം പാലിക്കണമെന്നും അലംഭാവമരുതെന്നും സർക്കാർ മുന്നിട്ടിറങ്ങി പറയേണ്ട സമയമാണിപ്പോഴെന്നും ഡോ. മിശ്ര ഓർമ്മിപ്പിച്ചു. 

വെറും  26,400 പേരെ മാത്രം ഉൾക്കൊള്ളിച്ചുള്ള സർവേ രാജ്യത്തെ ജനസംഖ്യയുടെയും അവയിലെ വൈവിധ്യത്തിൻറെയും അടിസ്ഥാനത്തിൽ തീർത്തും അപര്യാപ്തമാണെന്നുള്ള വസ്തുതയും അദ്ദേഹം ചൂണ്ടിക്കാട്ടി.ഐ.സി.എം.ആർ. തന്നെ നേരത്തേ നടത്തിയ എസ്.എ.ആർ.ഐ. സർവേ പ്രകാരം കോവിഡ് ബാധിതരിൽ 40 ശതമാനംപേരും വിദേശയാത്ര നടത്താത്തവരും രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്തവരുമായിരുന്നു. ആ സ്ഥിതിക്ക് ഇത് സമൂഹവ്യാപനമല്ലെങ്കിൽ പിന്നെന്താണെന്ന ചോദ്യമാണ് മുതിർന്ന വൈറോളജിസ്റ്റ്‌ ഷാഹിദ് ജമീൽ ഉന്നയിക്കുന്നത്. ഐ.സി.എം. ആറിൻറെ വാദം അംഗീകരിച്ചാൽത്തന്നെ, ഡൽഹിയിലും മുംബൈയിലും അഹമ്മദാബാദിലും സമൂഹവ്യാപനം സംഭവിച്ചുകഴിഞ്ഞെന്ന കാര്യം നിഷേധിക്കാനാവില്ലെന്ന് പ്രമുഖ ശ്വാസകോശ സർജൻ ഡോ. അരവിന്ദ് കുമാർ പറഞ്ഞു.