മെസ്സിക്ക് ഗോള്‍; വന്‍ വിജയവുമായി ലാലിഗയില്‍ ബാഴ്‌സലോണയുടെ തിരിച്ചുവരവ്‌

single-img
14 June 2020

കൊറോണ കാരണം കാണികളില്ലാതിരുന്ന ലാലിഗയില്‍ വന്‍ വിജയത്തോടെ ബാഴ്‌സലോണയുടെ മടങ്ങിവരവ്.
ദീര്‍ഘമായ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച ലാലിഗയില്‍ മയ്യോര്‍ക്കയെ എതിരില്ലാത്ത നാല് ഗോളിനാണ് ബാഴ്‌സലോണ ഇന്ന് തകര്‍ത്തത്. മത്സരത്തിന്റെ ആദ്യം മുതല്‍ ആധിപത്യം പുലര്‍ത്തിയ ബാഴ്‌സലോണ എവേ മൈതാനത്തെ തങ്ങളുടെ ഹോം ഗ്രൗണ്ടാക്കിത്തീര്‍ക്കുന്ന രീതിയിലുള്ള പ്രകടനമാണ് പുറത്തെടുത്തത്.

സൂപ്പര്‍താരങ്ങളായ മെസ്സിയേയും ഗ്രിസ്മാനെയും ബ്രാത്ത്‌വെയ്റ്റിനെയും മുന്‍നിരയില്‍ തന്നെ അണിനിരത്തി 4-3-3 ഫോര്‍മേഷനിലിറങ്ങിയ ബാഴ്‌സ കളിയുടെ രണ്ടാം മിനുട്ടില്‍ത്തന്നെ ഗോള്‍ നേടി അക്കൗണ്ട് തുറന്നു.

ബാഴ്‌സയുടെ കരുത്തുറ്റ പ്രതിരോധ താരം ആര്‍ടുറോ വിദാലാണ് എതിര്‍ ടീമിന്റെ വലകുലുക്കിയത്. കളിയുടെ 37ാം മിനുട്ടില്‍ മെസ്സി ഗോളിന് വഴിയൊരുക്കിയപ്പോള്‍ ബ്രാത്ത് വെയ്റ്റിന് ഒട്ടും പിഴച്ചില്ല.

മത്സരത്തിന്റെ ആദ്യ പകുതി 2-0ന് ബാഴ്‌സലോണ സ്വന്തമാക്കി. തുടര്‍ന്നുള്ള രണ്ടാം പകുതിയില്‍ സുവാരസിന് ബാഴ്‌സലോണ അവസരം നല്‍കി. പരിക്ക് മൂലം ഏറെ നാള്‍ പുറത്തിരുന്ന ശേഷമാണ് സുവാരസിന്റെ തിരിച്ചുവരവ്. കളിയുടെ 79ാം മിനുട്ടില്‍ മെസ്സി വീണ്ടും ഗോളിന് വഴിതുറന്നപ്പോള്‍ ജോര്‍ദി ആല്‍ബ പന്ത് പോസ്റ്റിലാക്കി. തുടര്‍ന്ന് മത്സരത്തിന്റെ എക്‌സ്ട്രാ ടൈമിലായിരുന്നു ആരാധകര്‍ കാത്തിരുന്ന മെസ്സിയുടെ ഗോള്‍.

സുവാരസിന്റെ മികച്ച അസിസ്റ്റിലാണ് മെസ്സിയുടെ ഗോള്‍ നേട്ടം. ഈ ജയത്തോടെ 28 മത്സരങ്ങളില്‍ നിന്ന് 19 ജയവും നാല് സമനിലയും അഞ്ച് തോല്‍വിയുമുള്‍പ്പെടെ 61 പോയിന്റുമായി ബാഴ്‌സലോണ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. അതേസമയം ബാഴ്‌സലോണയേക്കാള്‍ ഒരു മത്സരം കുറവുകളിച്ച റയല്‍ 56 പോയിന്റുമായി രണ്ടാമതാണ്. തൊട്ടുപിന്നില്‍ 50 പോയിന്റുള്ള സെവിയ്യയാണ് മൂന്നാമത്.