ട്രയൽ വിജയകരം, മികച്ച പ്രതികരണം: വിക്ടേഴ്സ് വഴി സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തിങ്കളാഴ്ച ആരംഭിക്കും

single-img
13 June 2020

വിക്ടേഴ്‌സ് ചാനലില്‍ ഇതുവരെ നടത്തിയ ട്രയല്‍ വിജയകരമെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തിങ്കളാഴ്ച ആരംഭിക്കും.ഇതരഭാഷാ ക്ലാസ്സുകളും 15 മുതല്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 

അറബി, ഉറുദു, സംസ്‌കൃതം തുടങ്ങിയ ഇതര ഭാഷാ ക്ലാസുകളാണ് 15 മുതല്‍ ആരംഭിക്കുന്നത്. ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണം ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. ക്ലാസ്സുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തിലാകും നടക്കുകയെന്നും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്കായി കൂടുതല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉള്‍പ്പെടുത്തുമെന്നും  അധികൃതര്‍ പറഞ്ഞു. 

ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ ട്രയലിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ വിലയിരുത്തല്‍. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും വകുപ്പ് വിലയിരുത്തി. ഇതോടെ ട്രയല്‍ അവസാനിപ്പിച്ച്് പുതിയ ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

ടിവി, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ സൗകര്യങ്ങളുടെ അഭാവം മൂലം എല്ലാകുട്ടികള്‍ക്കും ക്ലാസ്സുകള്‍ ലഭ്യമായില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ട്രയല്‍ ക്ലാസ്സുകള്‍ പുനഃസംപ്രേക്ഷണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ കുട്ടികള്‍ക്കും ക്ലാസ്സുകള്‍ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അംഗനവാടികള്‍, ലൈബ്രറികള്‍ തുടങ്ങി നിരവധി പൊതുഇടങ്ങളില്‍ ടിവി സൗകര്യം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.