കെഎസ്ഇബി നിരക്ക് കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണം: കെ സുരേന്ദ്രന്‍

single-img
13 June 2020

സംസ്ഥാനത്തെ നിരവധി ഉപഭോക്താക്കളെ ഷോക്കടിപ്പിച്ച കെഎസ്ഇബിയുടെ നടപടിയില്‍ അടിയന്തിരമായി തിരുത്തലുണ്ടാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുന്‍പുണ്ടായിരുന്ന മാസങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി വരെ ബില്ലാണ് ഇത്തവണ പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിരിക്കുന്നത്.

ഇതിനെ സംബന്ധിച്ച് ചോദിക്കുമ്പോള്‍ സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞ് അമിത ബില്ലിനെ ന്യായീകരിക്കുന്ന വൈദ്യുതി ബോര്‍ഡിന്റെ നടപടി നീതീകരിക്കാനാകില്ല എന്നും നിരക്കു കുറച്ച് ഉപഭോക്താക്കള്‍ക്ക് പുതിയ ബില്ല് നല്‍കണമെന്നും കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കൊറോണ വൈറസ് വ്യാപനകാലത്ത് ദുരിതത്തിലായ ജനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍ നല്‍കിയ വലിയ അടിയാണ് വൈദ്യുതി ബില്ലിലെ വര്‍ദ്ധന എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊറോണയുടെ സമയം മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വീടുകളില്‍ ആളെത്താതിരുന്നതിന് ഉത്തരവാദി ഉപഭോക്താക്കളല്ല. അതുകൊണ്ടുതന്നെ മൂന്ന് മാസത്തെ മീറ്റര്‍ റീഡിംഗ് ഒരുമിച്ചെടുത്തപ്പോഴുണ്ടായ നിരക്ക് മാറ്റമാണിതെന്ന സാങ്കേതിക ന്യായം അംഗീകരിക്കാനാകില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊറോണയുടെ സമയം ജനങ്ങളെ എല്ലാവരെയും സഹായിക്കുന്നു എന്ന് പറയുന്ന സര്‍ക്കാര്‍ സത്യത്തില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്. സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൊറോണ പ്രതിസന്ധിക്കാലത്ത് ജനങ്ങളെ കൊള്ളയടിക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചെന്ന് ഓദ്യോഗികമായി പറയാതെ നിരക്ക് വര്‍ദ്ധന നടപ്പിലാക്കിയിരിക്കുന്നു. അതിനെ അംഗീകരിക്കാനാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.