കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു: അസ്വാഭാവിക മരണമെന്ന് വീട്ടുകാർ

single-img
13 June 2020

കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. പ്രാക്കുളം പനയ്ക്കല്‍ മുഹമ്മദ് കുഞ്ഞിന്റെ മകള്‍ അമീനയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകീട്ട് വീട്ടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് അമീനയെ വീട്ടുകാർ കാണുന്നത്. 

വീടിന് പുറത്ത് അമ്മയെ ജോലിയില്‍ സഹായിക്കുകയായിരുന്നു അമീന. ഇതിനിടെ വീട്ടില്‍ പോയി പ്രാര്‍ഥന നടത്താന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അമീന വീട്ടിലേക്ക് പോവുകയും ചെയ്തു. വീടിന് പുറത്ത് ജോലിചെയ്തിരുന്ന അമ്മ തിരികെ എത്തിയപ്പോളാണ് കുട്ടിയെ തൂങ്ങിയനിലയില്‍ കണ്ടത്.

ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തകരഷീറ്റ് കൊണ്ട് മറച്ച വീട്ടില്‍ മാതാപിതാക്കളും മൂന്ന് കുട്ടികളുമാണുള്ളത്. കുടുംബത്തിലെ മൂത്ത കുട്ടിയാണ് അമീന. ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്തതിനാലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അഭ്യൂഹങ്ങൾ നാട്ടിൽ പരന്നിരുന്നു. എന്നാല്‍ കഴിഞ്ഞദിവസവും സമീപത്തെ ലൈബ്രറിയിലെത്തി അമീന ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുത്തിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 

സംഭവത്തില്‍ പ്രദേശത്തെ കഞ്ചാവ് മാഫിയക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി കുട്ടിയുടെ മുത്തച്ഛന്‍ അഭിപ്രായപ്പെട്ടു. എന്ത് കാരണമുണ്ടായാലും കുട്ടി ഇങ്ങനെ ചെയ്യില്ലെന്ന് അമ്മ അനീഷയും പറഞ്ഞു. കുടുംബത്തിന്റെ ആരോപണങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. 

കുട്ടിയുടെ പുസ്തകത്തില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പ് ലഭിച്ചുവെന്നും അത് പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.