അറിയണം, മലബാർ ഗോൾഡ് കമ്പനിയുടെ കച്ചവടപ്പിടിയിൽ നിന്നും സ്വന്തം നാടിനെ രക്ഷിക്കാൻ അവർ 2000 ദിവസങ്ങളായി തെരുവിലാണ്

single-img
13 June 2020

രണ്ടായിരം ദിവസങ്ങൾക്കു മുമ്പാണ് മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ നാട്ടുകാര്‍ സംഘടിച്ച് മലബാര്‍ ഗോള്‍ഡിൻ്റെ ആഭരണ നിര്‍മ്മാണശാലയ്‌ക്കെതിരെ സമരം ആരംഭിച്ചത്.  നിർഭാഗ്യവശാൽ ഈ ഐതിഹാസികമായ സമരത്തെ  മാധ്യമങ്ങളും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും ഇത്രയും നാൾ അവഗണിക്കുകയായിരുന്നു. സമരം അഞ്ചരയാണ്ട് പിന്നിടുമ്പോൾ നാട്ടുകാരുടെ ജീവിതം ദുസ്സഹമാക്കിയ ആഭരണ നിര്‍മ്മാണ ശാല പ്രവര്‍ത്തനം അവസാനിപ്പിച്ചുവെങ്കിലും കാക്കഞ്ചേരിയിലെ കിന്‍ഫ്രാ പാര്‍ക്കില്‍ ടെക്നോ മാളുകൾ ഉൾപ്പെടെയുള്ള സംരംഭങ്ങൾ ആരംഭിക്കുന്നുവെന്ന നിലപാടോടെ കമ്പനി വീണ്ടും രംഗത്തെത്തുകയായിരുന്നു. സംശയങ്ങളും അവ്യക്തതയും നിറഞ്ഞു നിൽക്കുന്ന ഈയൊരു സഹവിശേഷ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നാട്ടുകാരും. 

1996ലാണ് രാജ്യത്തെ ആദ്യത്തെ ഫുഡ് പാര്‍ക്കുകളിലൊന്നായ കിന്‍ഫ്ര നിലവില്‍ വരുന്നത്. അന്നത്തെ എകെ ആൻ്റണി സര്‍ക്കാരിൻ്റെ കാലത്ത് രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍ കലാമാണ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കു സമർപബ്പിച്ചതും. ഇത്തരത്തിലൊരു പദ്ധതിയെ മുച്ചൂടം നശിപ്പിക്കുന്ന തീരുമാനങ്ങളാണ് മലബാർ ഗോൾഡ് കമ്പനി കെെക്കൊണ്ടതും നാട്ടുകാരുടെ എതിർപ്പ് വിളിച്ചു വരുത്തിയതും. 

നേരത്തേ വിദ്യഭ്യാസ ആവശ്യങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി ഏക്കറിന് 25 രൂപ നിരക്കില്‍ കാക്കഞ്ചേരി സമീപവാസികളില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തിന്റെ ഒരുഭാഗം കിന്‍ഫ്രയ്ക്ക് പിന്നീട് നല്‍കുകയായിരുന്നു. 70 ഏക്കര്‍ സ്ഥലം 2,86,83,800 കോടി രൂപയ്ക്കാണ് യൂണിവേഴ്സിറ്റി കിന്‍ഫ്രയ്ക്ക് വിറ്റത്. കിന്‍ഫ്ര ഇത് മലബാര്‍ ഗോള്‍ഡിന് വില്‍ക്കുന്നത് 3 കോടിക്കടുത്ത് മാത്രം രൂപയ്ക്കാണ്. നാഷണല്‍ ഹൈവേയുടെ അടുത്തുള്ള ഈ ഭൂമിക്ക് സെന്റിന് നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ച് 10 ലക്ഷത്തിന്റെ മുകളില്‍ വരുമെന്നുള്ളതാണ് യാഥാർത്ഥ്യം. 

പാര്‍ക്കില്‍ വാണിജ്യാവശ്യത്തിനായി മാറ്റിവച്ച രണ്ടുഏക്കര്‍ 25 സെൻ്റ് സ്ഥലമാണ് 2013 സെപ്തംബര്‍ 25നു മലബാര്‍ ഗോള്‍ഡിന് ആഭരണനിര്‍മ്മാണ ഫാക്ടറി ഉണ്ടാക്കാനായി കിന്‍ഫ്ര സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് വഴി അനുമതി നല്‍കുന്നത്. മൂന്ന് ഘട്ടങ്ങളിലായി രണ്ടര വര്‍ഷം കൊണ്ട് ദിവസേന 120 കിലോ സ്വര്‍ണ്ണ ശുദ്ധീകരണമായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. 40 കിലോ വീതം ഓരോഘട്ടങ്ങളിലും വര്‍ദ്ധനവുണ്ടാകുമെന്ന് കമ്പനി കിന്‍ഫ്രയ്ക്ക് നല്‍കിയ പദ്ധതി റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. 

സ്ഥാപനം നിലവില്‍ വന്നു കഴിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ-പരിസ്ഥിതി പ്രത്യാഘാതങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാഷണല്‍ എണ്‍വയോണ്‍മെൻ്റല്‍ എഞ്ചിനീയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ നീറിയോട് കേരള ഹൈക്കോടതി ഉത്തരവിട്ടത് വാർത്തയായിരുന്നു. എന്നാൽ  ‘സ്പോണ്‍സര്‍:മലബാര്‍ഗോള്‍ഡ്’ എന്ന പേരില്‍ വ്യവസായശാലയ്ക്ക് അനുകൂലമായ രീതിയിലായിരുന്നു നീറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് കാക്കാഞ്ചേരി സമര സമിതിയുടെ ആരോപണം. അവഗണിക്കാവുന്ന മലിനീകരണമേ ഈ കമ്പനിയില്‍ നിന്നുണ്ടാവുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തങ്ങളുമായി ചര്‍ച്ച ചെയ്യാതെ മലബാര്‍ ഗോള്‍ഡുമായി മാത്രം നടത്തിയ ചര്‍ച്ചയില്‍ അവര്‍ നല്‍കിയ രേകകളുടെ മാത്രം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നാണ് സമരസമിതി ആരോപിക്കുന്നത്. 

60 ഏക്കറില്‍ ഫുഡ് പാര്‍ക്കും 10 ഏക്കറില്‍ ഐടി സംരംഭങ്ങളുമാണ് കിന്‍ഫ്രയിലുള്ളത്. ഐടി സംരംഭങ്ങള്‍ക്കു പുറമേ ഭക്ഷ്യസംസ്‌കരണത്തിനായി പ്രത്യേക സാമ്പത്തിക സോണ്‍, ഫുഡ് ഇന്‍ക്യുബേഷന്‍ ഫെസിലിറ്റി, ക്വാളിറ്റി കണ്‍ട്രോള്‍ ഫെസിലിറ്റി, ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് കിന്‍ഫ്രയിലുണ്ടാവുകയെന്ന് കമ്പനി വെബ്സൈറ്റില്‍ പറയുന്നുണ്ട്.

രണ്ട് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടമാണ് നിര്‍ദ്ദിഷ്ഠസ്ഥലത്ത് പണി നടത്തിയത്. 2675 തൊഴിലാളികള്‍ക്ക് ജോലി നല്‍കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. 200 കോടിയോളം രൂപയാണ് മുതല്‍മുടക്കായി കമ്പനി രേഖകളില്‍ കാണിച്ചിരുന്നത്. 2012 ഓഗസ്റ്റ് 2 നാണ് കിന്‍ഫ്ര നിര്‍ദ്ദിഷ്ഠ സ്ഥലം വാണിജ്യാവശ്യങ്ങള്‍ക്കായി കൊടുക്കുന്നതായുള്ള ടെന്‍ഡര്‍ വിളിച്ചത്. മലബാര്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് മാത്രമാണ് ടെന്‍ഡര്‍ നല്‍കിയതെന്നതും ശ്രദ്ധേയമാണ്. ഐടി, ഐടിഇഎസ്  ബിപിഒ അനുബന്ധ സേവനങ്ങള്‍ക്കായാണ് കിന്‍ഫ്ര ടെന്‍ഡര്‍ വിളിച്ചതെങ്കിലും ഇതില്‍നിന്ന് വ്യത്യസ്തമായി ആഭരണനിര്‍മ്മാണ സംരംഭമെന്ന മലബാര്‍ഗോള്‍ഡിന്റെ അപേക്ഷയ്ക്ക് കിന്‍ഫ്ര അനുമതി നല്‍കിയത് എന്നുള്ളതാണ് ഏറെ രസകരം. 

കേന്ദ്രഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പ്രകാരം ഭക്ഷ്യസംസ്‌കരണ ഫാക്ടറികളുടെ അടുത്ത് പുക, പൊടിപടലങ്ങല്‍ ഉള്‍പ്പെടെയുള്ളവ പുറത്തുവിടുന്ന സംരംഭങ്ങള്‍ ഉണ്ടാവരുതെന്ന നിർദ്ദേശം നിലനിൽക്കേ റെഡ് കാറ്റഗറിയില്‍ പെട്ട സംരംഭത്തിന് കിന്‍ഫ്ര എങ്ങനെ അനുമതി നല്‍കിയെന്നുള്ളതാണ് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നത്. റെഡ് കാറ്റഗറിയില്‍പ്പെട്ട സംരംഭങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ വീടുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയൊന്നും പാടില്ലെന്നുണ്ടെങ്കിലും ഇവിടെ കാര്യങ്ങൾ നേരേ തിരിച്ചാണ്. 78 റെസിഡെന്‍ഷ്യല്‍ കോംപ്ലക്സുകള്‍, 36 കടകള്‍, രണ്ട് പള്ളികള്‍, ഒരു ബാങ്ക്, പൊതുമേഖല സംരംഭമായ കിന്‍ഫ്രയുടെ ഓഫീസും ഐടി ബ്ലോക്കുകളും, ഭക്ഷ്യനിര്‍മ്മാണ കമ്പനിയായ എസ്സെന്‍ ന്യൂട്രീഷ്യന്‍, പാരീസണ്‍സ് വെളിച്ചെണ്ണ-പാം ഓയില്‍ കമ്പനി എന്നിവയൊക്കെ 100 മീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്നുണ്ടെന്നുള്ളത് ആർക്കും പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യമാണ്. 

ജനങ്ങളുടെ ഇച്ഛാശക്തി പ്രതിഫലിച്ച സമരത്തിൻ്റെ ഭാഗമായി മലബാര്‍ ഗോള്‍ഡിന് നിര്‍ദ്ദിഷ്ഠ പദ്ധതിയില്‍ നിന്നും പിന്തിരിയേണ്ടതായി വന്നുവെന്നുള്ളതാണ് യാഥാർത്ഥ്യം.  എന്നാല്‍ കിന്‍ഫ്രയ്ക്ക് പുതുതായി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനിയുടെ സ്ഥലത്ത് വിപുലമായ പദ്ധതികളാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നുള്ളതാണ് ജനങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തുന്നത്.  ഫുഡ്കോര്‍ട്ട്, പ്രൊഡക്റ്റ് ഡിസ്പ്ലേ റൂം, ടെക്നോമാള്‍ സെയില്‍ ഔട്ട്ലെറ്റ്, പാക്കേജിംങ് യൂണിറ്റ്, ഐടി-ഐടി അധിഷ്ഠിത യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ ഒരു ടെക്നോമാള്‍ ആണ് പദ്ധതിയിലൂടെ അവർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഈ വര്‍ഷം മാര്‍ച്ച 25ന് ചേര്‍ന്ന കിന്‍ഫ്രയുടെ ബോര്‍ഡ് യോഗം പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നുള്ളതും സാധാരണക്കാരെ വീണ്ടും സമരരംഗത്തേക്കിറക്കുകയായിരുന്നു. കിന്‍ഫ്രയുടെ തത്വങ്ങള്‍ക്ക് നിരക്കുന്ന പദ്ധതികളല്ല ഇതെന്ന് ചൂണ്ടിക്കാട്ടി സമരക്കാര്‍ ശക്തിയുക്തം വീണ്ടും സമരരംഗത്തേക്കിറങ്ങുകയായിരുന്നുവെന്നുള്ളതാണ് വസ്തുത. 

അന്ന് ജനങ്ങളുടെ ശക്തമായ സമരത്തെ തുടർന്ന് സ്വര്‍ണാഭരണ നിര്‍മ്മാണശാല പദ്ധതിയില്‍ നിന്നും മലബാര്‍ഗോള്‍ഡ് പിന്തിരിഞ്ഞുവെന്ന വാർത്തയ്ക്കു പിന്നാലെ കാക്കഞ്ചേരി സമരവും അവസാനിച്ചെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.എന്നാൽ സത്യമതല്ല. ഈ നാട്ടിലെ മലബാര്‍ ഗോള്‍ഡിന്റെ സാന്നിധ്യത്തെ സംശയത്തോടെയാണ് ഇന്നും നാട്ടുകാര്‍ കാണുന്നത്. മുന്‍പത്തേതിലും സജീവമായി സമരപ്പന്തലില്‍ രാത്രിയോളം ആളുകൾ എത്തുന്നതും അതുകൊണ്ടുതന്നെ. ഈ കോവിഡ് കാലത്തുപോലും നിയന്ത്രണങ്ങൾ പാലിച്ച് അവർ ഈ നാടിനു വേണ്ടി പടപൊരുതുകയാണ്. 

കാണാതെ പോകരുത് ഈ സഹനത്തെ… ത്യാഗത്തെ. അവഗണിച്ചാൽ ചരിത്രം നമുക്ക് മാപ്പുതരില്ല.