ട്രംപ് തോൽവി മണത്തു തുടങ്ങിയോ? തെരഞ്ഞെടുപ്പിൽ തോറ്റാൽ പട്ടാളത്തെ വിളിക്കാതെ തന്നെ താന്‍ ഇറങ്ങിപ്പൊയ്‌ക്കൊള്ളാമെന്ന് ട്രംപ്

single-img
13 June 2020

അമേരിക്കൻ തെരഞ്ഞെടുപ്പിൽ തൻ്റെ ഭാവിയെ സംബന്ധിച്ച് നിർണ്ണായക പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരാജയപ്പെട്ടാല്‍ പട്ടാളത്തെ വിളിക്കാതെ തന്നെ താന്‍ ഇറങ്ങിപ്പൊയ്‌ക്കൊള്ളാമെന്ന് ട്രംപ് പറഞ്ഞു. പക്ഷേ എങ്ങാനും തോറ്റാല്‍ അത് രാജ്യത്തിന് ഏറ്റവും മോശമായ കാര്യങ്ങളില്‍ ഒന്നായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

തെരഞ്ഞെടുപ്പിൽ തോറ്റാല്‍ പ്രസിഡൻ്റ് കസേരയില്‍ നിന്നും സമാധാന പരമായി തന്നെ മാറുമെന്നും മറ്റു കാര്യങ്ങളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഫോക്‌സ് ന്യൂസിലെ അഭിമുഖത്തിലാണ് ട്രംപ് മനസ്സു തുറന്നത്. ട്രംപ് തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിച്ചേക്കുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസം ബെയ്ഡന്‍ പുറത്തു വിട്ടതിന് പിന്നാലെയാണ് അദ്ദേഹം മറുപടിയുമായി എത്തിയത്. 

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ അധികാരം വിട്ടുകൊടുക്കാന്‍ ട്രംപ് വിസമ്മതിക്കുന്ന ഒരു സാഹചര്യം താന്‍ മുന്‍കൂട്ടി കാണുന്നുണ്ടെന്നും അങ്ങിനെ വന്നാല്‍ സൈനിക ഇടപെടല്‍ ഉണ്ടാകേണ്ടി വരുമെന്നും കരുതുന്നതായി ബെയ്ഡന്‍ ഡെയ്‌ലി ഷോയില്‍ പങ്കെടുക്കുമ്പോള്‍ പറഞ്ഞിരുന്നു.

നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ സര്‍വേകളെല്ലാം ട്രംപിന്റെ പരാജയമാണ് സൂചിപ്പിക്കുന്നത്. ജോ ബെയ്ഡന്‍ വിജയം നേടുമെന്നാണ് സിഎന്‍എന്‍ അടക്കമുള്ള പ്രീ പോള്‍ സര്‍വേ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പില്‍ തോറ്റാലും ട്രംപ് കസേരയില്‍ അള്ളിപ്പിടിച്ചു കിടക്കാന്‍ ശ്രമിക്കുമെന്നും സൈനിക ഇടപെടല്‍ വേണ്ടി വരുമെന്നും ജോ ബെയ്ഡന്‍ പറഞ്ഞിരുന്നു. 

ഒരു പക്ഷേ തെരഞ്ഞെടുപ്പ് തന്നെ ട്രംപ് അട്ടിമറിക്കുമെന്ന് എന്ന് ബെയ്ഡന്‍ ആശങ്കപ്പെടുകയും ചെയ്തിരുന്നു. മെയില്‍ ഇന്‍ ബാലറ്റുകളെ കുടിച്ചുള്ള ട്രംപിന്റെ പരാമര്‍ശമാണ് ബെയ്ഡന്‍ ചൂണ്ടിക്കാട്ടുന്നത്. മെയില്‍ ഇന്‍ ബാലറ്റ് ഉപയോഗിക്കുന്നത് നന്നായി തട്ടിപ്പ് നടത്താന്‍ വേണ്ടിയാണെന്നും ബെയ്ഡന്‍ പറഞ്ഞിരുന്നു. വ്യാജ ബാലറ്റ്, മെയില്‍ ബോക്‌സ് പിടിച്ചെടുക്കല്‍, നിയമവിരുദ്ധമായ അച്ചടിയും കൃത്രിമ ഒപ്പിവിടുവിക്കലും നടക്കുമെന്നാണ് ബെയ്ഡന്റെ ആരോപണം.

ഇതിന് പിന്നാലെയാണ് തോറ്റാല്‍ സമാധാന പരമായി തന്നെ താന്‍ പുറത്ത് പോകുമെന്ന് ട്രംപ് മറുപടി നല്‍കിയിരിക്കുന്നത്. ബെയ്ഡനെ പോലെ മറ്റ് ഡമോക്രാറ്റ് നേതാക്കളും കഴിഞ്ഞ ദിവസം ഈ ആശങ്ക പ്രകടിപ്പിച്ചിരുന്നു.