കോവിഡ് മരണനിരക്ക് പിടിച്ചു നിർത്താൻ കേന്ദ്രം വിദഗ്ദ സമിതി രൂപീകരിച്ചു

single-img
13 June 2020

രാജ്യത്ത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് വെെറസ് മൂലമുള്ള മരണനിരക്ക് പിടിച്ചു നിർത്താൻ നടപടികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി വിദഗ്ധ സമിതിയെ നിയോഗിച്ചു. ഡല്‍ഹി ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. 

സംസ്ഥാനങ്ങള്‍ സമിതിയുമായി ആശയവിനിമയം നടത്തണം. ഇതിനായി നോഡല്‍ ഓഫീസറെ നിയമിക്കണമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പ്രീതി സുഡാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ആരോഗ്യമന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചിരിക്കുകയാണ്. 

നോഡല്‍ ഓഫീസര്‍ വിദഗ്ധ സമിതിയുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികില്‍സയില്‍ സഹായം ഉറപ്പാക്കണം. പൊതുമേഖലാസ്ഥാപനങ്ങളുടെ കീഴിലുള്ള ആശുപത്രികളും ഹെല്‍പ്പ്‌ലൈന്‍ സംവിധാനത്തിന് കീഴില്‍ വരും. ഇതിനായി  ഹെല്‍പ്പ് ലൈന്‍ സംവിധാനവും കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. 

ഐസിയുവില്‍ കഴിയുന്ന രോഗികളുടെ ചികില്‍സയ്ക്ക്, ടെലി കണ്‍സള്‍ട്ടേഷനായി വൈദഗ്ധ്യമുള്ള ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിക്കാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് മൂലമുള്ള മരണ നിരക്ക് കുറയ്ക്കുക, രോഗവ്യാപനം തടയുക തുടങ്ങിയവയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.