മുഖ്യമന്ത്രിയെ വധിച്ച്‌ ഉത്തര്‍പ്രദേശിനെ ഇല്ലാതാക്കും; യോഗി ആദിത്യനാഥിന് വധഭീഷണി

single-img
12 June 2020

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. സംസ്ഥാന പോലീസീന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്കാണ് ഇന്ന് ഭീഷണി സന്ദേശം എത്തിയത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തുമെന്നും വാട്‌സ്ആപ്പ് സന്ദേശത്തിൽ അയച്ച ഭീഷണിയിൽ പറയുന്നു. യുപി പോലീസിന്റെ ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്ററായ യുപി112ലേക്കാണ് ഇത്തരത്തിൽ ഭീഷണി എത്തിയത്.

യുപിയെ ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രിയെ വധിക്കുമെന്നുമാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങളെ യുപി സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയേ ഉള്ളെന്നും സന്ദേശത്തില്‍ പറയുന്നു. സംഭവത്തില്‍ നിലവിൽ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അജ്ഞാതൻ അയച്ച സന്ദേശത്തെക്കുറിച്ച് പോലീസും ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.

ഭീഷണി സന്ദേശം വന്നതിന്റെ പിന്നാലെ കാളിദാസ് മാര്‍ഗിലുള്ള യോഗി ആദിത്യനാഥിന്റെ വസതിയിലേയും മറ്റ് വിഐപി മേഖലകളിലേയും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻപും മഹാരാഷ്ട്രയില്‍ നിന്നും സമാനമായ ഭീഷണി സന്ദേശം പോലീസിന് ലഭിച്ചിരുന്നു. അന്ന് 25കാരനായ കമ്രാന്‍ അമീന്‍ ഖാന്‍ എന്നയാളെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന പിടികൂടിയിരുന്നു.