ടീം ഇന്ത്യ ഉടന്‍ കളത്തില്‍ ഇറങ്ങില്ല; ശ്രീലങ്കയുടെ പിന്നാലെ സിംബാബ്‌വെ പര്യടനവും റദ്ദാക്കി

single-img
12 June 2020

കൂന ലോകമാകെ ഭീതി പരത്തിയ കാലം ഇപ്പോഴും പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ല എങ്കിലും പല രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി തുടങ്ങി. ഇവിടെ കായിക ലോകത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വീണ്ടും കളിക്കളത്തില്‍ കാണാന്‍ ആരാധകര്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും എന്ന വിവരമാണ് പുറത്തുവരുന്നത്.

കാരണം, ശ്രീലങ്കന്‍ പര്യടനം റദ്ദാക്കിയ പിന്നാലെ അതിന്‍റെ ശേഷം നടക്കേണ്ടിയിരുന്ന സിംബാബ്‌വെ പര്യടനവും ഇന്ത്യ വേണ്ടെന്നു വെക്കുകയായിരുന്നു. ആഗസ്റ്റ് അവസാനം ആരംഭിക്കാനിരുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയാണ് കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിച്ചതായി ബിസിസിഐ അറിയിച്ചത്.

നേരത്തേ ജൂണ്‍ 24 മുതലായിരുന്നു ഇന്ത്യയുടെ ലങ്കന്‍ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. ശ്രീലങ്കയില്‍ മൂന്നു വീതം ഏകദിന, ടി20 പരമ്പരകളായിരുന്നു ഇന്ത്യന്‍ ടീമുമായി ഷെഡ്യൂള്‍ ചെയ്തിരുന്നത്. അതേസമയം ആഗസ്റ്റ് 22 മുതലായിരുന്നു ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള ഏകദിന പരമ്പര നടക്കാനിരുന്നത്. രാജ്യത്തിനായി കളിക്കുന്ന താരങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ റിസ്‌കെടുത്ത് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധൃതി പിടിച്ചു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിസിസിഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിക്കുകയായിരുന്നു.

അടുപ്പിച്ചുള്ള രണ്ടു പര്യടനങ്ങള്‍ റദ്ദാക്കിയതോടെ ഇനി നടക്കാനുള്ള ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവുടെ ഭാവിയെക്കുറിച്ചാണ് അറിയേണ്ടത്. ഈ വര്‍ഷം തന്നെ സപ്തംബറിലാണ് ഏഷ്യാ കപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ടൂര്‍ണമെന്റ് നടക്കുമോയെന്ന കാര്യത്തില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തീരുമാനമെടുത്തിട്ടില്ല.