സിസ്റ്റർ ലൂസി കളപ്പുരയെ പട്ടിണിക്കിട്ട് ഓടിക്കാൻ നീക്കം: . കോണ്‍വെൻ്റിലെ ഭക്ഷണശാലയില്‍ പൊതു ഭക്ഷണം നിർത്തി

single-img
12 June 2020

സഭയെയും മേലധികാരികളെയും വെല്ലുവിളിച്ച്‌ അനധികൃതമായി മഠത്തില്‍ താമസിക്കുന്ന സിസ്‌റ്റര്‍ ലൂസി കളപ്പുര അവിടെനിന്നു സ്വയം ഇറങ്ങിപ്പോകുന്നതാണു മാന്യതയെന്നു ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്‌റ്റ്‌ കോണ്‍ഗ്രിഗേഷന്‍ മാനന്തവാടി പ്രവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്‌റ്റര്‍ ജ്യോതി മരിയയുടെ നിർദ്ദേശം. കാരയ്‌ക്കാമലയിലെ കോണ്‍വെന്റില്‍നിന്ന്‌ സിസ്‌റ്റര്‍ ലൂസിയെ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എഫ്‌.സി.സി. മാനന്തവാടി പ്ര?വിന്‍ഷ്യലിന്‌ കാരയ്‌ക്കാമല ഇടവകാംഗങ്ങള്‍ നല്‍കിയ കത്തിനുള്ള മറുപടിയിലാണ്‌ അവര്‍ നിലപാടു വ്യക്‌തമാക്കിയിരിക്കുന്നത്. 

എന്നാൽ  മഠത്തില്‍നിന്ന്‌ ഇറങ്ങില്ലെന്നുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിസ്റ്റർ ലൂസി കളപ്പുര. സഭയിലെ കൊള്ളരുതായ്‌മകള്‍ക്കെതിരേ പ്രതികരിച്ചതിനു തന്നെ വളഞ്ഞിട്ട്‌ ആക്രമിച്ച്‌ നിശബ്‌ദയാക്കാനാണ്‌ എഫ്‌സിസി. ശ്രമിക്കുന്നതെന്നും സിസ്‌റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. 

പള്ളിമുറിയില്‍ വൈദികനെയും കന്യാസ്‌ത്രീയെയും സംശയാസ്‌പദ സാഹചര്യത്തില്‍ കണ്ടെന്ന്‌ അടുത്തിടെ സിസ്‌റ്റര്‍ ലൂസി ആരോപണമുന്നയിച്ചിരുന്നു. അതിനുപിന്നാലെയാണ്‌ സിസ്‌റ്റര്‍ ലൂസിയെ വിമര്‍ശിച്ച്‌ എഫ്‌സിസി. മേലധികാരി രംഗത്തുവന്നത്‌. മഠാംഗമല്ലാത്ത സിസ്‌റ്റര്‍ ലൂസി, കോണ്‍വെന്റില്‍ പ്രത്യേക സംരക്ഷണം വേണമെന്ന്‌ ആവശ്യപ്പെടുന്നതു വീട്ടുടമസ്‌ഥനില്‍നിന്ന്‌ സംരക്ഷണം വേണമെന്നു പറയുന്ന കള്ളനെപ്പോലെയാണെന്ന്‌ സിസ്‌റ്റര്‍ ജ്യോതി മരിയ പറഞ്ഞു. 

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുമെന്നാണ്‌ സിസ്‌റ്റര്‍ ലൂസിയുടെ ആക്ഷേപം. ഇനിമുതല്‍ കോണ്‍വെൻ്റിലെ ഭക്ഷണശാലയില്‍ പൊതുവില്‍ ഭക്ഷണം ഉണ്ടാകില്ല. മഠത്തില്‍നിന്നു ഭക്ഷണം നല്‍കുന്നില്ലെന്ന പരാതിയുടെ നിജസ്‌ഥിതി ബോധ്യപ്പെടുത്താന്‍ സിസിടിവി ദൃശ്യങ്ങളുണ്ട്‌. കാരയ്‌ക്കാമല ഇടവകയിലെ വികാരിയെയും അതേ ഇടവകയിലെ എഫ്‌സിസി. സന്യാസ ഭവനത്തിലെ മദര്‍ സുപ്പീരിയറിനെയും ബന്ധിപ്പിച്ച്‌ ലൂസി പ്രചരിപ്പിക്കുന്നത്‌ അപവാദം മാത്രമാണെന്നും ജോതി മരിയ പറഞ്ഞു. 

വിഷയത്തില്‍ സിസ്‌റ്റര്‍ വ്യക്‌തത വരുത്താത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും സിസ്‌റ്റര്‍ ജ്യോതി മരിയയുടെ മറുപടിയിലുണ്ട്‌.