കേരള ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി ബാറുടമയെ നിയമിച്ചതിൽ ക്രമക്കേടുകളെന്ന് പരാതി

single-img
12 June 2020

കേരള ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായി തിരുവനന്തപുരത്തെ പ്രമുഖ ബാറുടമയായ വി സുനിൽകുമാറിനെ നിയമിച്ചതിൽ ക്രമക്കേടെന്ന് പരാതി. ഹോക്കിയുടെ കേരളത്തിലെ സംഘടനയായ ഹോക്കി കേരളയുടെ പ്രസിഡന്റ് എന്ന നിലയിലാണ് സുനിൽകുമാറിനെ ഈ സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ മുൻപ് ഇതേ മേഖലയിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി ആരോപിക്കപ്പെട്ടയാളാണ് സുനിൽകുമാറെന്നും ഇദ്ദേഹത്തിന് കായികരംഗവുമായി ബന്ധമൊന്നുമില്ലെന്നും പരാതിക്കാർ ആരോപിക്കുന്നു.

നാഷണൽ ഗെയിംസിലേയ്ക്കും ഒളിപിക്സിലേയ്ക്കുമുള്ള കേരളത്തിലെ കായികതാരങ്ങളുടെ പ്രവേശനത്തിൽ നിർണ്ണായകമായ പങ്കുള്ള സ്ഥാപനമാണ് കേരള ഒളിമ്പിക് അസോസിയേഷൻ.

‘കേരള ഹോക്കി’യ്ക്ക് മുൻപ് സംസ്ഥാനത്തെ ഹോക്കി അസോസിയേഷൻ ആയിരുന്ന ‘ഹോക്കി കേരള’ എന്ന സംഘടനയുടെ അഫിലിയേഷൻ ‘ഹോക്കി ഇന്ത്യ’ എടുത്തുകളഞ്ഞിരുന്നു. അന്ന് സുനിൽകുമാർ ആയിരുന്നു ഹോക്കി കേരളയുടെ പ്രസിഡന്റ്. അന്നത്തെ ഭരണസമിതി നടത്തിയ സാമ്പത്തിക തിരിമറികൾ കാരണമായിരുന്നു ഹോക്കി ഇന്ത്യ ഇത്തരമൊരു തീരുമാനമെടുത്തത്. അതിന് ശേഷമാണ് 2014-ൽ കേരളാ ഹോക്കി എന്ന പുതിയ സംഘടന ഉണ്ടാകുന്നതും അതിന് ഹോക്കി ഇന്ത്യയുടെ അഫിലിയേഷൻ ലഭിക്കുന്നതും.

എന്നാൽ പഴയ സംഘടനയിൽ അഴിമതി നടത്തിയതായി ആരോപണങ്ങളുണ്ടായിരുന്നയാളെത്തന്നെ പുതിയ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് 2017 ജൂലൈ മാസത്തിൽ വീണ്ടും നിയമിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. അന്ന് സുനിൽകുമാറിനെ പ്രസിഡന്റായി തെരെഞ്ഞെടുത്ത തെരെഞ്ഞെടുപ്പിൽ ക്രമക്കേടുകൾ ഉണ്ടായെന്നും ജനറൽ ബോഡിയുടെ മിനിട്സ് അടക്കം തിരുത്തുന്ന സാഹചര്യം ഉണ്ടായെന്നും ആരോപിച്ച് നിരവധിപേർ പരാതികൾ നൽകിയിരുന്നു. നിലവിൽ ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിൽ ഒരു കേസും നിലനിൽക്കുന്നുണ്ട്.

ഇതിനെല്ലാമുപരിയായി ലഹരിയെ മാറ്റിനിർത്തേണ്ട കായികരംഗത്തെ ഒരു പ്രമുഖ സ്ഥാനത്തേയ്ക്ക് ഒരു ബാർ ഉടമയെ നിയമിച്ചതിന്റെ സാംഗത്യം ചോദ്യം ചെയ്തും പരാതികൾ ഉയരുന്നുണ്ട്. വി സുനിൽകുമാറിന്റെ ഉന്നത രാഷ്ട്രീയ സ്വാധീനം ഇക്കാര്യത്തിൽ ഒരു വലിയ ഘടകമാണെന്നും പരാതിക്കാർ ആരോപിക്കുന്നു.