കോവിഡാനന്തരം ഉന്നതവിദ്യാഭ്യാസരംഗവും മാറും; വരുന്നത് ക്ലാസ് മുറിക്കൊപ്പം ഓൺലൈൻപഠനവും

single-img
12 June 2020

ഇനിയുള്ള കോവിഡാനന്തര സാഹചര്യത്തിൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത് കാതലായ മാറ്റങ്ങളുണ്ടാകും എന്ന് സൂചന. ഇതിന്‍റെ ഭാഗമായി ഓൺലൈൻരീതി നിലനിൽക്കുമെന്നും ഉന്നതവിദ്യാഭ്യാസകൗൺസിൽ വ്യക്തമാക്കി. നിലവിലുള്ള ക്ലാസ്റൂം പഠനത്തിന് സഹായമായി ഇനിമുതല്‍ഓൺലൈൻ പഠനവുമുണ്ടാകും.

പുതിതായി എത്തുന്ന ഓൺലൈൻരീതി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും പരിശീലന പരിപാടികൾ രൂപകല്പന ചെയ്യണമെന്നും കൗൺസിൽ തയ്യാറാക്കിയ കോവിഡാനന്തര ഉന്നതവിദ്യാഭ്യാസ കരട് നയരേഖയില്‍ പറയുന്നു. അതേസമയം ഓൺലൈൻരീതികൾക്കെതിരേ ഇടതുസംഘടനകൾക്കിടയിൽനിന്ന് അപസ്വരങ്ങൾ ഉയർന്ന സാഹചര്യത്തിൽ റിപ്പോർട്ട് ചർച്ചചെയ്തുമാത്രമേ സർക്കാർ നയം രൂപവത്കരിക്കൂ എന്നാണ് സൂചന.

ഇനിയുള്ള കാലം ഓൺലൈൻരീതി വ്യാപിക്കുമെങ്കിലും ഓൺലൈൻ പഠന സാമഗ്രികളുടെ ഉപയോഗം ഒരിക്കലും ഐച്ഛികമാകില്ല. ഇപ്പോഴുള്ള പ്രതിസന്ധി തരണംചെയ്യാൻ താത്കാലികമാർഗമായി ഉപയോഗിക്കുന്ന വെബിനാറുകളും ടെലികോൺഫറൻസിങ്ങും ഇനിയും പതിവായേക്കും. കാരണം, നിലവാരമുള്ള ഓൺലൈൻ അധ്യാപനത്തിന് നല്ല രീതിയിലുള്ള മുതൽമുടക്ക് ആവശ്യമാണ്. ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ വികസിപ്പിക്കാനും അവയുടെ പരിപാലത്തിനും പദ്ധതികളുണ്ടാകണം.

മാത്രമല്ല, ഇപ്പോഴുള്ള അധ്യാപകരെ ഓൺലൈൻ മാധ്യമ ഉപയോഗത്തിൽ പരിശീലനം നൽകി പ്രൊഫഷണലുകളാക്കണം. ഇതോടൊപ്പം തന്നെ വിദ്യാർത്ഥികൾക്കും പരിശീലനം നൽകണം. പഴയ സാമ്പ്രദായിക കോഴ്‌സിനെ ഓൺലൈനാക്കിമാറ്റാൻ വിദഗ്ധ പരിശീലനം ആവശ്യമാണെന്നും ഇത്തരത്തിലുള്ള മാറ്റം അധ്യാപകർ തിരിച്ചറിയണമെന്നും കൗൺസിൽപറയുന്നു.

ഇതിന്‍റെ ഫലമായി ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ കുറയും, എന്നാല്‍ വിദ്യാർത്ഥികൾ കുറയില്ല. ഭാവിയിൽ ഇന്ത്യയിലാകെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ കുറയും. ആ സമയം ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കിയേക്കും. ഒരുപക്ഷെ കോർപ്പറേറ്റ് വിജ്ഞാന വ്യവസായ വിദഗ്‌ധർ രൂപകല്പന ചെയ്യുന്ന പാഠ്യക്രമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും കരട് നയരേഖയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷെ സാങ്കേതികതയിലൂന്നിയ അധ്യാപനത്തിൽ ചെലവുകുറയാനുമിടയുണ്ട്.

ഇപ്പോള്‍ ഉള്ളതുപോലെ സ്വകാര്യസ്ഥാപനങ്ങൾ ഉയർന്ന ഫീസീടാക്കുന്ന രീതി തുടരുമെന്നും നയരേഖയിൽ പറയുന്നു. കൊറോണ മൂലമുള്ള ലോക്ഡൗൺ, അധ്യാപന-മൂല്യനിർണയ രംഗത്തെ മാറ്റം വേഗത്തിലാക്കി. ഈ കാരണത്താല്‍‌ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ രണ്ടുരീതിയിൽ രൂപപ്പെടും. അതായത് സാധാരണക്കാർക്കായി വെർച്വൽ രീതിയിൽ അനൗപചാരികവും ചെലവുകുറഞ്ഞതുമായ ഒരുരീതിയും അധിക ചെലവോടെ പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കാനുള്ള കാമ്പസുകളുമുണ്ടാകും.

ഇതില്‍ ചെലവുകുറഞ്ഞതും കൂടുതൽ ഫലപ്രദവുമെന്ന് കരുതുന്നതിനാൽ സർവകലാശാലകൾ ബിരുദ-ബിരുദാനന്തര കോഴ്‌സുകൾ ഓൺലൈനാക്കുകയും അതിലേക്ക് കൂടുതൽ അധ്യാപകരെ അവർക്ക് പരിചയമില്ലാത്തi ഓൺലൈൻ പഠനരീതിയിലേക്ക് നിർബന്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.