കൊക്കകോളയും തംസ് അപും നിരോധിക്കണമെന്ന ഹർജി: ഹർജിക്കാരന് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് കോടതി

single-img
12 June 2020

ശീതളപാനീയങ്ങളായ കൊക്കകോളയും തംസ് അപും നിരോധിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച ഹര്‍ജിക്കാരന് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ച് കോടതി. രണ്ട് പാനീയങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് ഉമേദ്‌സിന്‍ പി. ചവ്ദ ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. 

എന്നാല്‍ വിഷയത്തില്‍ ഒരു സാങ്കേതിക പഠനവും നടത്താതെ ഹര്‍ജി സമര്‍പ്പിച്ചതിനാലാണ് കോടതി പിഴ ചുമത്തിയത്. ഈ രണ്ട് പ്രത്യേക ബ്രാന്‍ഡുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടാനുള്ള കാരണവും ബോധിപ്പിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ലെന്നുള്ളതാണ് കോടതി ചൂണ്ടിക്കാട്ടിയത്. 

ഹര്‍ജി തള്ളിയ കോടതി , ഹര്‍ജിക്കാരന്‍ നിയമപ്രക്രിയ ദുരുപയോഗിച്ചുവെന്നും ഇരു പാനീയങ്ങളും ആരോഗ്യത്തിന് ദോഷമാണെന്ന തന്റെ വാദത്തിന് തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ മഹമന്ത് ഗുപ്ത, അജയ് റസ്‌തോഗി എന്നി ജഡ്ജിമാരും അംഗങ്ങളായിരുന്നു. താന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണെന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.