സാമ്പത്തിക തട്ടിപ്പുകാർക്ക് കോളടിച്ചല്ലോ: സാമ്പത്തിക കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം

single-img
12 June 2020

വണ്ടിച്ചെക്ക് നൽകുന്നത് ഉൾപ്പെടെ ഒട്ടേറെ സാമ്പത്തിക കുറ്റങ്ങൾക്ക് തടവുശിക്ഷ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം. നിസ്സാരമായ സാമ്പത്തിക കുറ്റങ്ങൾക്ക് ജയിൽശിക്ഷ ഒഴിവാക്കുന്നത് ബിസിനസ് നടത്തിപ്പ് എളുപ്പമാക്കാനും ക്രിമിനൽ നിയമത്തിന്റെ നൂലാമാലകൾ കുറയ്ക്കാനും സാധിക്കും. ഇത് നിക്ഷേപകരിൽ ആത്മവിശ്വാസം വർധിപ്പിക്കും. അതുവഴി നിക്ഷേപം കൂടുമെന്നാണ് കേന്ദ്രസർക്കാരിൻ്റെ വിലയിരുത്തൽ. 

ഇതുമായി ബന്ധപ്പെട്ട് ഇൻഷുറൻസ്, ബാങ്കിങ്, സർഫാസി തുടങ്ങിയ 19 നിയമങ്ങൾക്കുകീഴിലെ 39 വകുപ്പുകൾ ക്രിമിനൽക്കുറ്റമല്ലാതാക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ചിരിക്കുകയാണ്.  ജൂൺ 23-നകം നിർദേശങ്ങൾ അറിയിക്കണമെന്നാണ് ആവശ്യം. 

അതേസമയം രാജ്യത്താകെ 35 ലക്ഷം ചെക്കുകേസ്‌ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. ജില്ലാ കോടതികളിലെ ആകെ ക്രിമിനൽക്കേസുകളിൽ 15 ശതമാനവും ചെക്കുമായി ബന്ധപ്പെട്ടതാണ്. അതിൽ 18 ലക്ഷത്തോളം കേസുകൾ വൈകുന്നത് പ്രതികൾ ഹാജരാവാത്തതിനാലാണ്. ഈ സാഹചര്യത്തിൽ ചെക്കുകേസുകൾ കഴിവതും കോടതിയിലെത്തുംമുമ്പ്‌ ഒത്തുതീർപ്പാക്കാൻ സംവിധാനം വേണമെന്ന് സുപ്രീംകോടതി ഇക്കഴിഞ്ഞ മാർച്ചിൽ നിർദേശിച്ചിരുന്നു.

ചെറിയ തുകയാണെങ്കിൽ ക്രിമിനൽക്കുറ്റമല്ലാതാക്കുന്നത് ആലോചിക്കണമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വണ്ടിച്ചെക്ക് കേസുകൾ വേഗം തീർപ്പാക്കുന്ന വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി, അമിക്കസ് ക്യൂറിയെയും നിയോഗിച്ചിരുന്നു. ചെക്കുകേസുകൾ സിവിൽ കുറ്റം മാത്രമാണെന്ന് സുപ്രീംകോടതി മുമ്പ്‌ നിരീക്ഷിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങളും അവയുടെ തുകയും കൂടിവരുന്നത് കണക്കിലെടുത്ത് 1988-ലാണ് ചെക്കുകേസുകൾ ക്രിമിനൽക്കുറ്റമായത്.

ഈ നിയേം നടപ്പിലായാൽ വണ്ടിച്ചെക്ക്, അനിയന്ത്രിത നിക്ഷേപ പദ്ധതി, സർഫാസി നിയമം, വ്യാജപരസ്യം നൽകി നിക്ഷേപം സ്വീകരിക്കൽ, രജിസ്റ്റർചെയ്യാത്ത ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ, നിയമവിരുദ്ധമായി നിക്ഷേപം സ്വീകരിക്കൽ, ഓഡിറ്റ് നടത്താത്ത ഇൻഷുറൻസ് കമ്പനികൾ, രജിസ്റ്റർചെയ്യാത്ത ഇൻഷുറൻസ് എന്നിവ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്നും ഒഴിവാകും.