ലോക്ക് ഡൌൺ: സമീപ കാലത്തെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ

single-img
12 June 2020

കൊറോണ വൈറസ് വ്യാപനം മൂലമുള്ള ലോക്ക് ഡൌൺ നിലവിൽ വന്നതിനെ തുടർന്ന് ഈ വർഷം ഏപ്രിലില്‍ ബ്രിട്ടന്റെ സാമ്പത്തിക വ്യവസ്ഥയില്‍ 20.4 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.ഇതുവരെയുള്ള ചരിത്രത്തിൽ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് എക്കോണമി ഇത്രയും താഴുന്നതെന്ന് ഓഫിസ് ഓഫ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഔദ്യോഗികമായി അറിയിച്ചു.

ഇതിന് മുൻപുണ്ടായ 2008-2009 സാമ്പത്തിക മാന്ദ്യകാലത്തേക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോഴുണ്ടായ സാമ്പത്തിക തകര്‍ച്ചയെന്നും അധികൃതര്‍ പറയുന്നു. ലോക്ക്ഡൗണ്‍ നിലവിൽ വന്നതിൽ പിന്നെ കർശന നിയന്ത്രണങ്ങൾ ഉണ്ടായ ഏപ്പിലില്‍ രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകര്‍ച്ച നേരിട്ടതില്‍ അസ്വാഭാവികതയില്ലെന്നും മെയിലാണ് ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.

ഈ വർഷം ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള മൂന്ന് മാസക്കാലയളില്‍ 10.4 ശതമാനമാണ് എക്കോണമി താഴ്ന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ മാസത്തിൽ സംഭവിച്ച ഇടിവ് ബ്രിട്ടൻ ഇന്നേവരെ കണ്ടതില്‍വെച്ച് ഏറ്റവും വലിയതാണെന്ന് ഡെപ്യൂട്ടി നാഷണല്‍ സ്ഥിതിവിവര വിദഗ്ധന്‍ ജൊനാഥന്‍ ആതോ പറഞ്ഞു.

രാജ്യത്തെ വാഹനം, മദ്യം, വിദ്യാഭ്യാസം തുടങ്ങി എല്ലാ മേഖലയും വൻ തകര്‍ച്ച നേരിട്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് സമാനമായി ലോകത്തെ പ്രധാനപ്പെട്ട രാജ്യങ്ങളുടെയെല്ലാം സാമ്പത്തിക രംഗം കൊവിഡ് കാരണം തകര്‍ന്നുവെന്നും ബ്രിട്ടനും തകര്‍ച്ച നേരിട്ടെന്നും ചാന്‍സലര്‍ റിഷി സുനക് പറയുന്നു. എന്നാൽ സർക്കാർ നടപ്പാക്കുന്ന പുനരുദ്ധാന പാക്കേജ്, വായ്പകള്‍, നികുതിയിളവുകള്‍ എന്നിവ രാജ്യത്തെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.