ആപ്പ് ഇല്ലെങ്കിലും റെയിൽ-വ്യോമ യാത്ര ചെയ്യാം; ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ

single-img
12 June 2020

രാജ്യത്തിനുള്ളിൽ റെയിൽ-വ്യോമമാർഗങ്ങളിൽ യാത്രചെയ്യാൻ ജനങ്ങൾക്ക് ആരോഗ്യ സേതു ആപ്പ് നിർബന്ധമല്ലെന്ന് കേന്ദ്രസർക്കാർ. യാത്രികർക്ക് ആപ്പ് നിർബന്ധമാക്കുന്നതിനെ ചോദ്യം ചെയ്ത് സൈബർ ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിൽ കർണ്ണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. നിലവിൽ ആപ്പ് ഡൗൺലോഡ് ചെയ്യാത്തവർക്കും റെയിൽ-വ്യോമ യാത്രയാകാമെന്ന് കേന്ദ്രംഅറിയിച്ചു.

ഇത്തരത്തിൽ യാത്ര ചെയ്യാൻ സ്വന്തമായി സാക്ഷ്യ പത്രം നൽകിയാൽ മതിയാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള അനിവർ അരവിന്ദ് നൽകിയ ഹർജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കേന്ദ്ര സർക്കാർ ആപ്പ് നിർബന്ധമാക്കിയാൽ ഭരണ ഘടനയിൽ പറയുന്ന പൗരന്റെ മൗലിക അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം കേസിൽ തുടർവാദം കേൾക്കുന്നത് കോടതി ജൂലൈ പത്തിലേക്ക് മാറ്റി.

കർണാടകാ സർക്കാരിനോടും കേന്ദ്രസർക്കാരിനോടും ഹർജിയിൽ ആരോപിച്ചിരിക്കുന്ന ഗുരുതര വിഷയങ്ങളിൽ കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നതായി കാണിച്ച് ആറ് ആരോപണങ്ങളാണ് ഹർജിക്കാർ ആരോപിച്ചത്.