സ്വന്തം രാജ്യത്തെ കാര്യങ്ങള്‍ നോക്കി മിണ്ടാതിരിക്കുക; കൊറിയന്‍ പ്രശ്നത്തില്‍ അമേരിക്ക തലയിടരുത്: ഉത്തരകൊറിയ

single-img
11 June 2020

ഉത്തര- ദക്ഷിണ കൊറിയകൾക്കിടയിൽ ഇപ്പോൾനടക്കുന്ന പ്രശ്‌നങ്ങളിലേക്ക് തലയിടാന്‍ നില്‍ക്കരുതെന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ. അടുത്തുതന്നെ നടക്കാനുള്ള പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രശ്‌നങ്ങളൊന്നും ഇല്ലാതെ നടക്കണമെന്ന് വാഷിംഗ്ടണിന് ആഗ്രഹമുണ്ടെങ്കില്‍ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് ഉത്തര കൊറിയ അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുമായുള്ള ആശയവിനിമയ ഹോട്ട്ലൈനുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച ഉത്തരകൊറിയയുടെ നടപടിയില്‍ നിരാശയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയ പ്രതികരണം അറിയിച്ചത്. ശക്തമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ട എന്നുണ്ടെങ്കില്‍ സ്വന്തം രാജ്യത്തെ കാര്യം നോക്കി നാവടക്കി ഇരിക്കുന്നതാണ് അമേരിക്കക്ക് നല്ലതെന്ന് ഉത്തര കൊറിയ പറയുന്നു.

രാജ്യമാകെ വംശീയ വിവേചനത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആദ്യം അമേരിക്ക ചെയ്യേണ്ടത് സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുകയാണെന്നും അങ്ങിനെയല്ല കാര്യങ്ങൾ എങ്കിൽ വിചാരിക്കാന്‍ പാറ്റാവുന്നതിനും അപ്പുറമായിരിക്കും പ്രത്യാഘാതങ്ങളെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നൽകുന്നു.