കുടിയേറ്റത്തൊഴിലാളികൾക്കിടയിൽ മോദിയ്ക്കെതിരായി അമർഷം പുകയുന്നു; ലോക്ക്ഡൌണിൽ മോദിപ്രഭാവം ഇടിയുന്നതായി റിപ്പോർട്ട്

single-img
11 June 2020

ന്യൂഡല്‍ഹി: കുടിയേറ്റത്തൊഴിലാളികള്‍ക്കിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരായി അമർഷം വർദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബർഗ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൌൺ ഒറ്റരാത്രികൊണ്ട് തൊഴിൽനഷ്ടവും പട്ടിണിയും ദുരിതങ്ങളും സമ്മാനിച്ചതാണ് കുടിയേറ്റത്തൊഴിലാളികൾക്കിടയിൽ അമർഷം വർദ്ധിക്കാനുള്ള കാരണം. രാജ്യത്തെ വിവിധസംസ്ഥാനങ്ങളിലുള്ള കുടിയേറ്റത്തൊഴിലാളികളിൽ ഭൂരിഭാഗവും ബീഹാർ പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇത് വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പുകളിൽ ബിജെപിയെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആറുവര്‍ഷത്തെ തുടര്‍ഭരണത്തിന് ബിജെപിയെ സഹായിച്ചത് അതിഥി തൊഴിലാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി ഇവര്‍ക്കിടയിലെ മോദിയുടെ സ്വാധീനത്തില്‍ കുറവുണ്ടാകുന്നുണ്ട്.

‘എന്തുകൊണ്ട് മോദി ഞങ്ങളെ ഉപേക്ഷിച്ചു? ഈ കാലത്ത് മോദി സർക്കാർ ഞങ്ങൾക്കായി ഒന്നും ചെയ്തില്ല. അടുത്ത വട്ടം വോട്ട് ചെയ്യാൻ പോകുമ്പോൾ തീർച്ചയായും ഇത് ഞങ്ങളുടെ മനസിലുണ്ടാകും’

നോയി‍‍ഡയിലെ ഫാക്ടറി ജീവനക്കാരന്‍ ജാമുന്‍ ഝാ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്കാണു താന്‍ വോട്ടു ചെയ്തതെന്നും ഝാ ഓര്‍മിക്കുന്നു. അൻപത് വയസുകാരനായ ജാമുൻ ഝാ 1200 കിലോമീറ്റർ അകലെ ബീഹാറിലുള്ള തന്റെ ഗ്രാമത്തിലേയ്ക്ക് ഒരു ബസ് കിട്ടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

കോവിഡ് പടര്‍ന്നു പിടിക്കുന്നതിനു മുന്‍പ് രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുംബൈ, ഡല്‍ഹി തുടങ്ങിയ പ്രധാന നഗരങ്ങളില്‍ കോവിഡ് വ്യാപിക്കുകയാണ്. നവംബറില്‍ ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് കോവിഡിനു പിന്നാലെ ബിജെപി നേരിടേണ്ട പ്രധാന പരീക്ഷ. രാജ്യത്തെ ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ ഉള്ളതും ഇവിടെ നിന്നാണ്. ജെഡിയു–ബിജെപി സഖ്യസര്‍ക്കാരാണ് ഇപ്പോൾ ബിഹാറിൽ ഭരണത്തിലുള്ളത്.

ബിജെപിയുടെ ബീഹാറിലെ തെരെഞ്ഞെടുപ്പ് കാമ്പയിനിന് തുടക്കം കുറിച്ച കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പാർട്ടിയ്ക്കെതിരായ ഇത്തരം വിമർശനങ്ങളെ ഭയക്കുന്നുണ്ടെന്ന സൂചനയാണ് നൽകിയത്.

“ചില നേതാക്കൾ ബീഹാറിലെ ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ നിങ്ങൾ അത്തരം സംഭാഷണങ്ങളിൽ നിന്നൊഴിഞ്ഞ് നിൽക്കണം. പ്രത്യേകിച്ച് കുടിയേറ്റത്തൊഴിലാളികളെ സംബന്ധിച്ച കാര്യങ്ങളിൽ നിന്നും.” എന്നായിരുന്നു ബീഹാറിലെ വിർച്വൽ റാലിയിൽ അമിത് ഷാഹ് പറഞ്ഞത്.

ഇന്ത്യയിലെ തൊഴിലാളികളിൽ അഞ്ചിലൊരു ഭാഗവും കുടിയേറ്റത്തൊഴിലാളികളാണ്. നമ്മുടെ നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിലും ഫാക്ടറികൾ പ്രവർത്തിപ്പിക്കുന്നതിലും അവരുടെ പങ്ക് നിർണ്ണായകമാണ്.

കുടിയേറ്റത്തൊഴിലാളികളെ അവരുടെ നാടുകളിലെത്തിക്കാൻ ട്രെയിനുകളോ ബസുകളോ ഏർപ്പാടാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടതിനെത്തുടർന്ന് ലക്ഷക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്.

നടന്നും സൈക്കിളുകളിലുമായി ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി നാട്ടിലെത്താൻ ശ്രമിച്ച തൊഴിലാളികളുടെ ദുരിതങ്ങൾ വിദേശമാധ്യമങ്ങളിൽപ്പോലും വാർത്തയായിരുന്നു. തങ്ങളുടെ ബാഗുകളും കുട്ടികളേയും ചുമലിലേറ്റി നടക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ ചിത്രങ്ങൾ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഈ നടന്ന് തീർത്ത വഴികളിൽ നിരവധിപേരാണ് മരിച്ച് വീണത്. ചിലർ റെയിൽവേ ട്രാക്കുകളിലൂടെ നടന്ന് ട്രെയിൻ കയറി മരിക്കുകയും ചെയ്തു. സിമന്റ് മിക്സർ ട്രക്കിന്റെ മിക്സറിനുള്ളിൽ കയറിയിരുന്ന് വരെ വീടെത്തിയവരുണ്ട്.

“മൃഗങ്ങളെപ്പോലും ഇങ്ങനെ ആരും അവഗണിക്കാറില്ല. മോദി ഒരുപാട് സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സർക്കാർ ഈ ദുരിതകാലത്ത് ഞങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ല.” കിഷൻ കുമാർ ശർമ്മ പറയുന്നു. ഒരു അപകടത്തിൽപ്പെട്ട് അരയ്ക്ക് കീഴ്പ്പോട്ട് തളർന്നുപോയ ശർമ്മ തന്റെ വീൽ ചെയർ ഉരുട്ടി ഡൽഹിയിൽ നിന്നും 800 കിലോമീറ്റർ അകലെയുള്ള വീട്ടിലേയ്ക്കുള്ള യാത്രയിലാണ്. ഡൽഹിയിൽ ചികിത്സയിലായിരുന്ന ശർമ്മയുടെ ചികിത്സ മുടങ്ങി. സഹോദരങ്ങളുടെ ജോലി നഷ്ടമായി. വാടകവീട്ടിൽ നിന്നും പുറത്താക്കപ്പെട്ട് ആഴ്ചകളോളം തെരുവിൽ കഴിയേണ്ടിവന്ന കിഷൻ കുമാർ ശർമ്മയും കുടുംബവും എങ്ങനെയെങ്കിലും ഉത്തർ പ്രദേശിലെ വീട്ടിലെത്താനുള്ള ശ്രമത്തിലാണ്.

താൻ ബിജെപിയ്ക്കാണ് കഴിഞ്ഞതവണ വോട്ട് ചെയ്തതെന്നും അടുത്തതവണ അതുണ്ടാകില്ലെന്നും ശർമ്മ പറയുന്നു.