കൂടുതല്‍ കൂലി, കേരളത്തിലേക്ക് തിരികെ പോകണം; കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റിനായി പശ്ചിമ ബംഗാളില്‍ തൊഴിലാളികള്‍

single-img
11 June 2020

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന ബംഗാളിലെ തൊഴിലാളികള്‍ തിരിച്ചുപോകണമെന്നാവശ്യപ്പെട്ട് കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റിനായി സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററുകളില്‍ എത്തി. പ്രധാനമായും മുര്‍ഷിദാബാദ് ജില്ലയിലെ തൊഴിലാളികളാണ് ആദ്യം രംഗത്തെത്തിയത്. കേരളം ഉൾപ്പെടെ ബംഗാളില്‍നിന്നുള്ള കുടിയേറ്റ തൊഴിലാളികളില്‍ വലിയ വിഭാഗം മുര്‍ഷിദാബാദില്‍നിന്നാണ്.

‘കേരളത്തിലാണെങ്കിൽ എനിക്ക് 800 രൂപ കൂലിയായി ലഭിക്കുന്നു. അതേ സ്ഥാനത് ഇതേ ജോലിക്ക് ഇവിടെ 200 രൂപയും. വളരെ വേഗം എനിക്ക് അവിടെയെത്തണം’-ഹക്കീംപുരയിൽ നിന്നുള്ള ജെഫിക്കുര്‍ ഷെയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞു. അതേപോലെ തന്നെ സൂറത്ത് വ്യാവസായ മേഖലയില്‍ ജോലി ചെയ്യുന്നവരും തിരിച്ച് പോകണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ കൂലി കൂടുതലിൽ ആകൃഷ്ടരായി മടങ്ങി വരണമെന്ന് നിരവധി തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.

മറ്റുള്ള സംസ്ഥാനങ്ങളിലെ തൊഴിലുടമകള്‍ തങ്ങളെ തിരിച്ചുകൊണ്ടുപോകാന്‍ തയ്യാറാണെന്നും അതിനായി ബംഗാൾ സർക്കാർ കൊവിഡ് ഫ്രീ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും തൊഴിലാളികള്‍ ആവശ്യപ്പെട്ടു. മുര്‍ഷിദബാദ് ജില്ലയിൽ മാത്രം 126 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

നിലവിൽ ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. എന്നാൽ കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി തടയുകയാണെന്നും അതേസമയം, സംസ്ഥാനത്ത് തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചു