അഞ്ജു ആത്മഹത്യ ചെയ്ത സംഭവം; കോളജിന് ജാഗ്രതക്കുറവെന്ന് അന്വേഷണസമിതി

single-img
11 June 2020

കോപ്പിയടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കാ‍ഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാര്‍ത്ഥിനി അഞ്ജു പി ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജിന് ജാഗ്രതക്കുറവെന്ന് സര്‍വകലാശാല അന്വേഷണ സമിതി. കോപ്പിയടി കണ്ടെത്തിയെങ്കിലും ഉടനെ വിശദീകരണം എഴുതി വാങ്ങിയില്ലെന്നാണ് കണ്ടെത്തല്‍.

ഒരു മണിക്കൂര്‍ ക്ലാസ് മുറിയില്‍ ഇരുത്തിയത് വിദ്യാർത്ഥിനിയെ മാനസികമായി തളര്‍ത്തിയെന്നും സമിതി കണ്ടെത്തി.  റിപ്പോര്‍ട്ട് ഇന്ന്  അന്വേഷണ സമിതി  കൈമാറും. 

വിദ്യാര്‍ത്ഥി കോപ്പിയടിച്ചതായി കണ്ടെത്തിയ ശേഷം മുക്കാല്‍ മണിക്കൂറോളം കുട്ടിയെ  പരീക്ഷാഹാളില്‍ തന്നെ ഇരുത്തിയതാണ് പ്രധാന വീഴ്ച. സര്‍വ്വകലാശാലാ പരീക്ഷാച്ചട്ടങ്ങള്‍ പ്രകാരം കോപ്പിയടിച്ചു പിടിയ്ക്കപ്പെട്ടാല്‍ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി അയോഗ്യനാണ്. അതുകൊണ്ടുതന്നെ പരീക്ഷാ ഹാളില്‍ തന്നെ നിശ്ചിത സമയപരിധി വരെ കുട്ടിയ പരീക്ഷാ ഹാളില്‍ ഇരുത്തേണ്ടതില്ല. കോപ്പിയടിച്ച് പിടിയ്ക്കപ്പെട്ടിട്ടും ഒന്നും ചെയ്യാതെ ക്ലാസില്‍ അത്രയധികം നേരം ഇരുന്നത് അഞ്ജുവിന്റെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, അഞ്ജു കോപ്പിയടിച്ചിരുന്നോയെന്ന കാര്യം സമിതിക്ക് സ്ഥിരീകരിക്കാനായിട്ടില്ല. ഉത്തരങ്ങള്‍ എഴുതിയിരുന്ന ഹാള്‍ടിക്കറ്റ് പൊലീസിന്റെ പക്കലായതിനാലാണ് ഇത് സ്ഥിരീകരിക്കാൻ കഴിയാത്തത്. ഹാൾടിക്കറ്റും ഉത്തരക്കടലാസും തമ്മില്‍ ഒത്തുനോക്കിയാൽ മാത്രമേ സമിതിക്ക് ഇക്കാര്യത്തിൽ ഒരു നിഗമനത്തിലെത്താൻ കഴിയുകയുള്ളൂ.

കഴിഞ്ഞ ശനിയാഴ്ചയാണു കാ‍ഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളജ് വിദ്യാർഥിയായ അഞ്ജു പി ഷാജി ആത്മഹത്യ ചെയ്യുന്നത്. ആറാം സെമസ്റ്റർ ബികോം പരീക്ഷ എഴുതുന്നതിനായി ചേർപ്പുങ്കൽ ബിബിഎം കോളജിൽ എത്തിയ അഞ്ജുവിനെ കോപ്പിയടിച്ചെന്നാരോപിച്ച് കോളജ് അധികൃതർ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.