ഉത്സവം മാറ്റിവെക്കണം, ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുത്; ദേവസ്വം കമ്മിഷണര്‍ക്ക് കത്തയച്ച് തന്ത്രി

single-img
10 June 2020

രാജ്യമാകെ കോവിഡ് വ്യാപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി തന്ത്രി ദേവസ്വം കമ്മിഷണര്‍ക്ക് കത്തയച്ചു. ശബരിമലയിലെഉത്സവം മാറ്റിവെയ്ക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തില്‍ ഉത്സവചടങ്ങുകള്‍ ആരംഭിച്ചാല്‍ അതില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും രോഗബാധ സ്ഥിരീകരിച്ചാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കേണ്ടതായിവരും. അങ്ങിനെ സംഭവിച്ചാല്‍ ഉത്സവചടങ്ങുകള്‍ ആചാരപ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും തന്ത്രിപറയുന്നു.

കേരളത്തില്‍ ഇപ്പോള്‍ ഓരോ ദിവസവും കോവിഡ് രോഗികള്‍ കൂടുകയാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നാണ് ശബരിമലയില്‍ തീര്‍ഥാടകര്‍ കൂടുതലായി എത്തുന്നത്. അവിടെയെല്ലാം ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ ഭക്തരെ അനുവദിക്കുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും തന്ത്രി ചൂണ്ടിക്കാട്ടുന്നു.

ശബരിമല ക്ഷേത്രം മിഥുന മാസത്തിലെ പൂജകള്‍ക്കായി ജൂണ്‍ 14ന് നട തുറക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ അറിയിച്ചിരുന്നു.പക്ഷെ ഇത് മാറ്റിവെക്കണമെന്നാണ് തന്ത്രി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.