മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിൽ നടത്തണം; ആവശ്യവുമായി കോണ്‍ഗ്രസ്

single-img
10 June 2020

രാജ്യമാകെ കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ മധ്യപ്രദേശിൽ നടത്താനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തണം എന്ന ആവശ്യവുമായി കോണ്‍ഗ്രസ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് ജെ പി ധനോപിയയാണ് ബാലറ്റ് പേപ്പറില്‍ വോട്ടിങ് നടത്തണം എന്ന ആവശ്യവുമായി മധ്യപ്രദേശ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഏതാനും എംഎല്‍എമാരും കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് മാറിയതിന്റെ തുടര്‍ന്ന് ഒഴിവുവന്ന 22 സീറ്റുകളിലേക്കും രണ്ടുപേരുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റുകളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ സംസ്ഥാനത്തെതെരഞ്ഞെടുപ്പിന്റെ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മധ്യപ്രദേശിൽ നിലവിൽ കോവിഡ് കേസുകള്‍ ദിവസവും വര്‍ദ്ധിക്കുകയാണ്, തെരഞ്ഞെടുപ്പ് നടന്നാൽ ഓരോ ബൂത്തിലും 1000 മുതല്‍ 1200 വരെ ആളുകള്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമെന്നും വോട്ടിങ് മെഷീനില്‍ ഇവരുടെ കൈ പതിയുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ധനോപിയ ചൂണ്ടിക്കാട്ടുന്നു. ആകെ 230 അംഗ സഭയാണ് മധ്യപ്രദേശിലേത്. ഇപ്പോൾ 206 അംഗങ്ങളുണ്ട്.

ഇതില്‍ ബിജെപി- 107 അംഗങ്ങളും കോണ്‍ഗ്രസ്- 92 അംഗങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പിന് ശേഷം 116 സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്ക് മധ്യപ്രദേശ് ഭരിക്കാമെന്നതാണ് സാഹചര്യം. അതായത് ഭരണം നിലനിര്‍ത്താന്‍ ബിജെപിക്ക് ഒമ്പത് സീറ്റില്‍ ജയിക്കേണ്ടത് നിര്‍ബന്ധമാണ്. അതേസമയം ഉപതിരഞ്ഞെടുപ്പില്‍ 19 സീറ്റുകള്‍ നേടിയാല്‍ കോണ്‍ഗ്രസിന് ഭരണം തിരികെ പിടിക്കാനും സാധിക്കും.