ഗോവധ നിരോധന നിയമ ഭേദ​ഗതിയുമായി യോ​ഗി ആദിത്യനാഥ് സർക്കാർ; ലംഘിച്ചാൽ പത്ത് വർഷത്തിന് മേൽ തടവ്

single-img
10 June 2020

ഉത്തർ പ്രദേശിൽ ഗോവധ നിരോധന നിയമം ഭേദ​ഗതി ചെയ്ത് ഓർഡിനൻസ് പാസ്സാക്കി യോ​ഗി ആദിത്യനാഥ് സർക്കാർ. ഇന്ന് ചേർന്ന കാബിനറ്റ് മന്ത്രിമാരുടെ മീറ്റിം​ഗിലാണ് നിയമ ഭേദഗതി അം​ഗീകരിച്ചത്. പുതിയ നിയമ പ്രകാരം നിയമം ലം​ഘിക്കുന്നവർക്ക് പത്ത് വർഷത്തിന് മേൽ തടവ് ശിക്ഷ ലഭിക്കുന്നതിനൊപ്പം ന​ഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പ്രതികളുടെ ഫോട്ടോ പതിപ്പിക്കുകയും ചെയ്യും.

അതേപോലെ തന്നെ കശാപ്പ് ചെയ്യുന്നതിന് വേണ്ടി പശുക്കളെ കൊണ്ടുവരുന്ന വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും കുറ്റാരോപിതരായി പരി​ഗണിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. യു പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അധ്യക്ഷ്തയിൽ വീഡിയോ കോൺഫറൻസിം​ഗിലൂടെയാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം വിളിച്ചു ചേർത്തത്.

നേരത്തെ ഉണ്ടായിരുന്ന 1955 ലെ യുപി ​ഗോ വധ നിരോധന നിയമത്തിലെ സെക്ഷൻ 5 എ ഭേദ​ഗതി നടത്തുന്നതിനുള്ള ഓർഡിനൻസാണ് ഇപ്പോൾ പുതിയതായി അം​ഗീകരിക്കപ്പെട്ടത്. പശുക്കളെ കശാപ്പ് ചെയ്യുന്നവർക്ക് ഒരു വർഷം മുതൽ പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന നിയമമാണിത്. മാത്രമല്ല, മൂന്ന് ലക്ഷം മുതൽ 5 ലക്ഷം വരെ രൂപ പിഴയായും അടയ്ക്കേണ്ടി വരും.