സെവാഗിനെപ്പോലെ ബാറ്റ് ചെയ്യാന്‍ ആഗ്രഹിച്ചെങ്കിലും അത്രയും കഴിവ് ഇല്ലായിരുന്നു: രാഹുൽ ദ്രാവിഡ്

single-img
9 June 2020

ഇന്ത്യയുടെ ആക്രമണകാരിയായ മുൻ ഓപ്പണർ സെവാഗിനെപ്പോലെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു താന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തി വന്മതിൽ എന്നറിയപ്പെട്ട ദ്രാവിഡ്. രാജ്യത്തിനായി കളിക്കുകയെന്നത് വലിയ സ്വപ്‌നമായിരുന്നു. എന്നാൽ ഇത്രയും കാലം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മറക്കാനാവാത്ത ഒരുപാട് അനുഭവങ്ങളും ഓര്‍മകളും തനിക്കുണ്ടെന്നും ദ്രാവിഡ് വിശദമാക്കി.

റണ്ണുകൾ നേടാൻ ഒരുപാട് സമയം താന്‍ ക്രീസില്‍ ചെലവഴിച്ചുവെന്ന കാര്യം സമ്മതിക്കുന്നതായി ദ്രാവിഡ് സമ്മതിക്കുന്നു. ആ കാര്യത്തിൽ ഒരു സംശയവും തനിക്കില്ല. ധാരാളം ബോളുകളും കളിച്ചു. എന്നാൽ ഇപ്പോൾ കുറച്ചു കൂടി വേഗത്തില്‍ താന്‍ ബാറ്റ് ചെയ്യേണ്ടതായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. ഇതേപോലെ തന്നെ പലര്‍ക്കും പല കാര്യങ്ങളും ഇപ്പോള്‍ മെച്ചപ്പെടുത്തമായിരുന്നുവെന്ന് തോന്നും.

ഈ തോന്നലിനെ സ്വയമൊരു വിലയിരുത്തല്‍ ആയി കണ്ടാല്‍ മതിയെന്നും ദ്രാവിഡ് പറയുന്നു. ഇന്ത്യയുടെ മുൻ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറുമായുള്ള ലൈവില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ആ സമയം ഓപ്പണർ വീരേന്ദര്‍ സെവാഗ് കളിച്ചിരുന്നതു പോലെ വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ തനിക്ക് ഇഷ്ടമായിരുന്നുവെന്ന് ദ്രാവിഡ് വെളിപ്പെടുത്തി. ആ സമയം സെവാഗ് കളിച്ചതു പോലെയുള്ള ഷോട്ടുകള്‍ കളിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാൽ സെവാഗിന്റെ അത്രയും റേഞ്ചോ, അത്രയും പ്രതിഭയോ തനിക്കു ഇല്ലായിരുന്നുവെന്ന് ദ്രാവിഡ് പറയുന്നു.

താൻ അന്നും സ്വന്തം കഴിവ് പരമാവധി പുറത്തു കൊണ്ടു വരാനാണ് ശ്രമിച്ചട്ടുള്ളത്. ഒരുപക്ഷെ തനിക്ക് ഉണ്ടായിരുന്ന കഴിവ് വ്യത്യസ്തമായിരിക്കാം. തികഞ്ഞ ഏകാഗ്രതയും ദൃഢനിശ്ചയവുമായിരുന്നു തന്റെ ഏറ്റവും വലിയ കഴിവ്. അതുകൊണ്ടുതന്നെ സ്വന്തം കരുത്ത് മനസ്സിലാക്കി അത് പരമാവധി മെച്ചപ്പെടുത്താനാണ് ശ്രമിച്ചിട്ടുള്ളത്എന്നും ദ്രാവിഡ് പറയുന്നു.